കുറുക: സ്കൂളിലെ അസംബ്ലി, കലാപരിപാടികൾ, അനൗൺസ്‌മെന്റ് തുടങ്ങിയവ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ജി.എച്ച്.എസ് കുറുകയ്ക്ക് പിടിഎ കമ്മിറ്റിയുടെ സ്നേഹ സമ്മാനം. നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച സാഹചര്യത്തിലാണ് പുതിയ മിക്സർ ആംപ്ലിഫയറും (Mixer Amplifier) ഒമ്പത് സ്പീക്കറുകളും ഒരു മൈക്കും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്കൂളിന് സമർപ്പിച്ചത്.
സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 2025-2026 അധ്യയന വർഷത്തിൽ സ്പോൺസർഷിപ്പിലൂടെ സമാഹരിച്ച 65,000 രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പുതിയ ഇലക്ട്രിക് സംവിധാനം സ്ഥാപിച്ചതോടെ സ്കൂളിലെ പരിപാടികൾ കൂടുതൽ വ്യക്തതയോടെ നടത്താൻ സാധിക്കുമെന്ന് പിടിഎ പ്രസിഡന്റ് ജലീൽ പൂക്കുത്ത് പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം ആശംസിച്ചു.
സ്കൂൾ ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ, പിടിഎ പ്രസിഡന്റ് ജലീൽ പൂക്കുത്ത്, സ്റ്റാഫ് സെക്രട്ടറി സർഫു മാഷ്, പ്രിയേശ് മാഷ്, പിടിഎ ഭാരവാഹികളായ സിറാജ് തെക്കെവീട്ടിൽ, റഫീഖ് ടെക്നോ തുടങ്ങിയവർ സംബന്ധിച്ചു.