കോട്ടക്കൽ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാറാക്കര എ.യു.പി സ്കൂളിൽ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം പ്രൗഢഗംഭീരമായി നടത്തി. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി മാറാക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബൂബക്കർ തയ്യിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.എസ്. സരസ്വതി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മാറാക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന വൃക്ഷത്തൈ നടൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ലത നിർവഹിച്ചു. ചടങ്ങിൽ എസ്.ആർ.ജി കൺവീനർ പി.എം. തമീം, ദേശീയ ഹരിത സേന കോഡിനേറ്റർ പി.പി. മുജീബ് റഹ്‌മാൻ, അധ്യാപകരായ പി.വി. നാരായണൻ, കെ. പ്രകാശ് എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ തയാറാക്കിയ പരിസ്ഥിതി പതിപ്പുകളുടെ മെഗാ പ്രകാശനം, പരിസ്ഥിതി പ്രതിജ്ഞ, സന്ദേശ റാലി, പ്ലക്കാർഡ് പ്രദർശനം എന്നിവ നടന്നു. ബുൾബുൾ വിംഗിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത ശില്പം ശ്രദ്ധേയമായി.
തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ ഷിഫിൻ പി. ഒന്നാം സ്ഥാനവും, അമേയ പി.ആർ. രണ്ടാം സ്ഥാനവും നേടി. സഹൻ പി., ഫാത്തിമ റിദ ഒ.പി. എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.