വേങ്ങര: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വലിയോറ ഈസ്റ്റ് എ.എം.യു.പി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി വേങ്ങര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സബ്ന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സയിദ് മുഹമ്മദ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ലഹരി പദാർത്ഥങ്ങൾ സമൂഹത്തിലും വ്യക്തിജീവിതത്തിലും വരുത്തുന്ന വിപത്തുകളെക്കുറിച്ച് അദ്ദേഹം കുട്ടികൾക്ക് അവബോധം നൽകി.
വാർഡ് മെമ്പർ എം.പി. അഹമ്മദ്, സ്റ്റാഫ് സെക്രട്ടറി എം.പി. വിജയൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിനുശേഷം അഷ്‌റഫ് മുന്ന പെരിന്തൽമണ്ണ അവതരിപ്പിച്ച ഏകാംഗ നാടകം ശ്രദ്ധേയമായി. ഗൈഡ് ക്യാപ്റ്റൻ പി. ലീഷ്മ, കബ് മാസ്റ്റർ സുഹാന, ഫ്ലോക്ക് ലീഡർ ഐഷാബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി.കെ. ജയപ്രകാശ് സ്വാഗതവും, സ്‌കൗട്ട് മാസ്റ്റർ എ.കെ. ഷമീർ നന്ദിയും പറഞ്ഞു.