പറപ്പൂർ: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പറപ്പൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ പുള്ളാട്ടാങ്ങാടിയിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജനങ്ങൾക്ക് ആശ്വാസം പകരുന്ന രീതിയിൽ നടന്ന ശുചീകരണ യജ്ഞം മാതൃകാപരമായി.
അവണക്കുണ്ട് കാഞ്ഞിരക്കടവ് ഡ്രെയിനേജ് കേന്ദ്രീകരിച്ചും വാർഡിലെ പ്രധാന റോഡുകളിലുമായിരുന്നു പ്രധാന ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ആറാം വാർഡ് മെമ്പർ റജ്ന റഊഫ് എ.വി. ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.
മഴവെള്ളത്തിന്റെയും ഉറവവെള്ളത്തിന്റെയും സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തിയിരുന്ന കാട്ടുചെടികൾ, കാട്ടുവള്ളികൾ, കല്ലും മണ്ണും, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ അതിഥി തൊഴിലാളികളുടെ സഹായത്തോടെ പൂർണ്ണമായും നീക്കം ചെയ്ത് ഡ്രെയിനേജ് പുനരുദ്ധരിച്ചു. കൂടാതെ, റോഡരികിൽ കാടുമൂടി കിടന്നിരുന്ന ഭാഗങ്ങളും വൃത്തിയാക്കി. ഇത് അങ്കണവാടി, മദ്രസ, സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ ആശ്വാസകരമാണ്. നേരത്തെ കാടുമൂടിക്കിടന്നത് ഗതാഗത തടസ്സത്തിനും ഭീഷണിക്കും കാരണമായിരുന്നു.
ഉദ്ഘാടന ചടങ്ങിൽ കെ.കെ. മുഹമ്മദ് കുട്ടി, ഇബ്രാഹിം വെട്ടിക്കാട്ടിൽ, ഈസാ സാഹിബ്, റഊഫ് എ.വി., ഫൈസി എ.കെ., ചാലിൽ സലീം, റാസിഫ്, എസ്.ഒ. ഈസ എന്നിവർ സന്നിഹിതരായിരുന്നു. വാർഡിന്റെ സമഗ്ര വികസനവും ആരോഗ്യ സംരക്ഷണവും മുൻനിർത്തി ഇത്തരം ഇടപെടലുകൾ തുടർന്നും ഉണ്ടാകുമെന്ന് വാർഡ് മെമ്പർ റജ്ന റഊഫ് എ.വി. അറിയിച്ചു.