പുരുഷാരം തീർത്ത് മമ്പുറം; ആണ്ടുനേർച്ചയ്ക്ക് കൊടിയിറക്കം

തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസി സഞ്ചയത്താല്‍ മഖാമും പരിസരവും പുരുഷാരമായി. ആയിരങ്ങള്‍ക്ക് ആത്മീയ നിർവൃതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 188-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി.

ജാതി മത ഭേദമന്യേ സര്‍വജനങ്ങളുടെയും ബഹുമാന്യ നേതാവും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 188 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ ചാരണം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്.

നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാടകര്‍ക്ക് ദീര്‍ഘദൂരം വരിനില്‍ക്കേണ്ടി വന്നു. തിരൂരങ്ങാടി സി.ഐ ശ്രീനിവാസന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടിയിലെയും സമീപ സ്റ്റേഷനുകളിലേയും ഇരുനൂറോളം നിയമപാലകരും വിഖായ വളണ്ടിയര്‍മാരും പ്രദേശവാസികളും ദാറുല്‍ഹുദാ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് തിരക്ക് നിയന്ത്രണവിധേയമാക്കിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളില്‍ ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പൊതികള്‍ വിതരണം ചെയ്തു.

രാവിലെ എട്ട് മണിക്ക് ആരംഭിച്ച അന്നദാനം ഉച്ചക്ക് ശേഷവും തുടര്‍ന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍  വി.പി കോയക്കുട്ടി തങ്ങൾ മമ്പുറത്തിന് ആദ്യ പാക്കറ്റ് നല്‍കി അന്നദാനം ഉദ്ഘാടനം ചെയ്തു. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ അധ്യക്ഷനായി. ദാറുൽഹുദാ ജനറൽ സെക്രട്ടറി യു. ശാഫി ഹാജി സ്വാഗതം പറഞ്ഞു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമുലല്ലൈൽ, കൊണ്ടാണത്ത് അബ്ദുൽ റഷീദ്, ഹാശിം തങ്ങൾ, സി.എച്ച് ത്വയ്യിബ് ഫൈസി, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.എം അബ്ദുഹാജി, എ.കെ മൊയ്‌ദീൻ കുട്ടി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, എ.പി സുധീഷ് പങ്കെടുത്തു.

ഉച്ചയ്ക്ക് 1:30 ന് നടന്ന സമാപന പ്രാർഥനാ സദസ്സിന് സമസ്‌ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി.  സി.യൂസഫ് ഫൈസി മേൽമുറി, പി ഇസ്ഹാഖ് ബാഖവി    കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, ഇ.കെ ഹസൻ കുട്ടി ബാഖവി കിഴിശ്ശേരി, ഇബ്റാഹിം ഫൈസി തരിശ്, ഇ.കെ അബൂബക്കർ ഫൈസി,  വി.പി കോയക്കുട്ടി തങ്ങൾ  തുടങ്ങിയവർ  പങ്കെടുത്തു.

ബഹുസ്വര ഇന്ത്യയുടെ യഥാർത്ഥ മാതൃകയാണ് മമ്പുറം തങ്ങൾ: സാദിഖലി തങ്ങൾ

തിരൂരങ്ങാടി: ബഹുസ്വര ഇന്ത്യയുടെ യഥാർത്ഥ മാതൃകയാണ് മമ്പുറം തങ്ങളെന്ന്  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. 188-ാമത് മമ്പുറം ആണ്ടുനേർച്ചയുടെ സമാപന ദിനമായ ഇന്നലെ നടന്ന അന്നദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും ഐക്യവും നിലനിർത്തുക എന്നത് തന്നെയായിരുന്നു മമ്പുറം തങ്ങൾ നമ്മുക്ക് നൽകിയ പാഠമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സജീവസാന്നിധ്യമായി ദാറുൽഹുദാ കുടുംബം

തിരൂരങ്ങാടി : ആണ്ടുനേർച്ചയുടെ സമാപന ദിവസത്തെ അന്നദാനത്തിൽ സജീവസാന്നിധ്യമായി ദാറുൽഹുദാ കുടുംബം. ഭക്ഷണം പാചകം ചെയ്യാൻ പ്രത്യേകം ഒരുക്കിയ പന്തലുകൾ,  നാനൂറോളം ചെമ്പുകൾ, നൂറിലേറെ പാചകക്കാർ  തുടങ്ങി ഭക്ഷണത്തിനുള്ള മുഴുവൻ പ്രവർത്തനങ്ങളിലും ദാറുൽഹുദാ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഊർജ്ജസ്വലത ശ്രദ്ധേയമായി. ചൊവ്വാഴ്ച വൈകുന്നരം  പാചകം ചെയ്ത് തുടങ്ങിയ ഭക്ഷണം രാത്രി ഏറെ വൈകിയും ബുധനാഴ്ച പുലരും വരെയും തുടർന്നു. ഏറെ ആവേശത്തോടെയും ഉത്സാഹത്തോടെയും വിദ്യാർഥികൾ ഭക്ഷണം പ്രത്യേക പാക്കെറ്റുകളിലാക്കി. പന്ത്രണ്ട് അംഗങ്ങളടങ്ങുന്ന വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് പാക്കിങ് കർമം നിർവഹിച്ചത്. ശേഷം ലോറികളിൽ മമ്പുറത്തെത്തിച്ച് വിതരണം ചെയ്യുന്നത് വരെ സർവകലാശാല വിദ്യാർഥികളുടെ സജീവ ഇടപെടലുണ്ടായിരുന്നു. മാർഗ നിർദേശങ്ങളുമായി  അധ്യാപകരും മാനേജ്മെന്റ് ഭാരവാഹികളും കൂടി ചേർന്നതോടെ  പ്രവർത്തനങ്ങൾ മികവുറ്റതായി.

കർമനിരതരായി നിയമപാലകരും നാട്ടുകാരും

തിരൂരങ്ങാടി: മമ്പുറം ആണ്ടുനേർച്ചയുടെ  സുഗമമായ നടത്തിപ്പിന് ആവശ്യമായ മുഴുവൻ സഹായങ്ങളുമായി കർമ നിരതായി നിയമപാലകരും നാട്ടുകാരും. 

ജൂൺ പതിനേഴിന് തുടങ്ങി ഒരാഴ്ച നീണ്ടുനിന്ന നേർച്ചയുടെ മുഴുവൻ ദിവസങ്ങളിലും പോലീസ്  ഇടപെടലുകളും നിയന്ത്രണങ്ങളുമുണ്ടായിരുന്നു. 

മമ്പുറത്തെ  ഗതാഗതം നിയന്ത്രിക്കുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും പൂർണ ഉത്തരവാദിത്വം പോലീസിനായിരുന്നു. 

 തിരൂരങ്ങാടി സി.ഐ ശ്രീനിവാസൻ, ഡി.വൈ.എസ്.പി പ്രമോദ്, എസ്.ഐ സുജിത്  എന്നിവരുടെ നേതൃത്വത്തിൽ തിരുരങ്ങാടിയിലെയും പരിസര സ്റ്റേഷനുകളിലെയും വനിതാ പോലീസുകാരടക്കം ഇരുന്നൂറോളം പേർ ഇന്നലെ മമ്പുറത്ത് സേവനനിരതരായുണ്ടായിരുന്നു.

മമ്പുറം മഹല്ല് കമ്മിറ്റിയും നേർച്ചക്കായി രൂപീകരിച്ച മഹല്ല്  സ്വാഗത സംഘം ഭാരവാഹികളും പ്രദേശ വാസികളും  നേർച്ചയുടെ വിജയത്തിനായി കർമനിരതരായി പ്രവർത്തന ഗോദയിലിറങ്ങി. പോലീസ്, ഫയർഫോഴ്സ്, ട്രോമ കെയർ, വിഖായ വളണ്ടിയർമാർ, ദാറുൽഹുദാ വിദ്യാർഥികൾ.

 ചെമ്മാട് എൻ എം സി ഹോസ്പിറ്റലിലെ ഡോക്ടർമാർ, നഴ്സുമാർ എന്നിവരും മമ്പുറത്ത് സജീവമായിരുന്നു. കൂടാതെ ആംബുലൻസ് സേവനവും ലഭ്യമാക്കിയിരുന്നു. ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത മമ്പുറം ആണ്ടുനേർച്ച പരിപാടികൾ വമ്പിച്ച വിജയമാക്കുന്നതിന് സഹകരിച്ച എല്ലാവർക്കും ദാറുൽഹുദാ മാനേജിങ് കമ്മിറ്റി കൃതജ്ഞത അറിയിച്ചു.

സംതൃപ്തരായി മഖാം ഭാരവാഹികൾ

തിരൂരങ്ങാടി : 188-ാമത് മമ്പുറം ആണ്ടുനേർച്ചക്ക് കൊടിയിറങ്ങിയതോടെ  സംതൃപ്തരായി മഖാം ഭാരവാഹികൾ. മലബാറിലെ മുസ്‌ലിം സമുദായത്തിന്റെ ആത്മീയാചാര്യനും  വിവിധ ജാതി മത വിഭാഗങ്ങളുടെ ആശാ കേന്ദ്രവും സമുദായ മൈത്രിയുടെ പതാകവാഹകനുമായിരുന്ന മമ്പുറം തങ്ങളുടെ വിയോഗത്തിന് 188 വർഷം പിന്നിട്ടിട്ടും ഭംഗിയായി ആണ്ടുനേർച്ച  നടത്തുകയാണ് മഖാം ഭാരവാഹികൾ. സയ്യിദ് അലവി തങ്ങളുടെ പിന്തുടർച്ചക്കാരായ ജിഫ്രി കുടുംബം മമ്പുറം മഖാം ദാറുൽഹുദാ മാനേജിങ് കമ്മിറ്റിക്ക് കൈമാറിയതിന് ശേഷമുള്ള ഇരുപത്തിയെട്ടാമത്തെ ആണ്ടുനേർച്ചക്കാണ് കഴിഞ്ഞ ദിവസം സമസ്‌ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സമാപന പ്രാർഥനയോടെ പരിസമാപ്തിയായത്. 

കേരളത്തിനകത്തും പുറത്തും നിരവധി വിദ്യാഭ്യാസ മഹല്ല് ശാക്തീകരണ പ്രവർത്തനങ്ങൾക്ക് മഖാമിന്റെ ഭരണച്ചുമതലയുള്ള ദാറുൽഹുദാ മാനേജിങ് കമ്മിറ്റി നേതൃത്വം നൽകുന്നുണ്ട്.

മമ്പുറം മഹല്ലിലെ ജുമുഅത്ത് പള്ളികളുടെയും മദ്രസകളുടെയും നടത്തിപ്പിനുള്ള ചെലവും, പ്രദേശവാസികൾക്ക് ഭക്ഷണസാധനങ്ങളും, വിധവകൾക്കും പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനുള്ള സഹായം ഉൾപ്പെടെ നിരവധി സാമൂഹിക പ്രവർത്തനങ്ങളും മഖാം കമ്മിറ്റി നടത്തി വരുന്നുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}