പി.എം.ശ്രീ പദ്ധതി: വിദ്യാഭ്യാസ മേഖലയിലെ വർഗീയവൽക്കരണത്തിനെതിരെ വേങ്ങരയിൽ സി.പി.ഐ പ്രതിഷേധ മാർച്ച്

വേങ്ങര: വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള പി.എം.ശ്രീ (PM SHRI) പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. വേങ്ങര എ.ഇ.ഒ ഓഫീസിലേക്കായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്.

മാർച്ച് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ഇരുമ്പൻ സെയ്തലവി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷത്തിരുന്നപ്പോൾ എതിർത്തിരുന്ന പല കാര്യങ്ങളും അധികാരത്തിലെത്തിയപ്പോൾ അതിവേഗം നടപ്പിലാക്കി സംഘ്പരിവാർ അജണ്ടകൾക്ക് കൂട്ടുനിൽക്കുകയാണ് യു.ഡി.എഫ് സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്‌ലിം ലീഗ്, പി.എം.ശ്രീ വിഷയത്തിൽ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അധികാരത്തിലെത്തിയ ഉടൻ തന്നെ മതന്യൂനപക്ഷങ്ങളെയും മതേതര മനസ്സുകളെയും വഞ്ചിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ ലീഗ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം സെക്രട്ടറി നയീം ചേറൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ, അസിസ്റ്റന്റ് സെക്രട്ടറി ബാബു പാറയിൽ, സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷ്റഫ് മഞ്ഞക്കണ്ടൻ, അഷറഫ് പി.കെ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബാബു, ഉണ്ണി, അയ്യപ്പൻ, സലാഹുദ്ദീൻ, അബ്ദുൽ റഷീദ് പി.കെ, നജീബ് കുരുണിയൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}