മലപ്പുറം: ദേശീയപാത 66-ന്റെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഉയർന്നുവന്ന പരാതികളും ആവശ്യങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലും കൊണ്ടോട്ടി എം.എൽ.എ ടി.വി. ഇബ്രാഹിമും വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വെളിമുക്ക്, മേലെ ചേളാരി, തലപ്പാറ എന്നീ പ്രദേശങ്ങളിലെ നിർമ്മാണ സ്ഥലങ്ങളിലാണ് ഇരുവരും സന്ദർശനം നടത്തിയത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം തന്നെ, പ്രദേശവാസികളുടെ സുരക്ഷിതമായ യാത്രാസൗകര്യങ്ങളും സർവീസ് റോഡുകളുടെ ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ടെന്ന് സന്ദർശനവേളയിൽ എം.എൽ.എ ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികളും പൊതുജനങ്ങളും മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും പരാതികളും വിശദമായി പരിശോധിച്ചതായും, ഇവയ്ക്ക് അടിയന്തരമായി പരിഹാരം കാണാൻ നാഷണൽ ഹൈവേ അതോറിറ്റി (NHAI) ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് പരമാവധി പ്രയോജനകരമാകുന്ന രീതിയിൽ പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.