സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. കൊളത്തൂർ പൊലീസും മലപ്പുറം ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ 97.60 ഗ്രാം എം.ഡി.എം.എയുമായി തിരൂർ പൊന്മുണ്ടം സ്വദേശി പിടിയിലായി. പൊന്മുണ്ടം ആദൃശേരി പാട്ടുരാട്ട് വീട്ടിൽ സക്കീർ ഹുസൈനെയാണ് (43) ഞായറാഴ്ച രാത്രി എട്ടരയോടെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ.ഒ. സിബി, പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം.ബി. ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ ദിവസങ്ങളായി പൊലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. കൊളത്തൂർ പലകപ്പറമ്പ് പാങ്ങ് റോഡിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി പ്രതി സക്കീർ ഹുസൈൻ കുടുങ്ങിയത്.
സക്കീർ ഹുസൈൻ മുൻപും ലഹരിക്കേസിൽ പ്രതിയാണ്. കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടിയിലായി രണ്ടുമാസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു ഇയാൾ. തിരൂർ, കോട്ടക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി എം.ഡി.എം.എ ചെറിയ പാക്കറ്റുകളിലാക്കി വിൽപന നടത്തുന്ന പ്രധാന കണ്ണിയാണ് പിടിയിലായ സക്കീർ ഹുസൈനെന്ന് പൊലീസ് വ്യക്തമാക്കി.