വേങ്ങര: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് വേങ്ങര ഫാമിലി ഹെൽത്ത് സെന്ററിലെ (എഫ്.എച്ച്.സി) ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആദരമർപ്പിച്ച് വേങ്ങര ലയൺസ് ക്ലബ്ബ്. സമൂഹത്തിന് വേണ്ടി രാപ്പകൽ ഭേദമന്യേ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ആത്മസമർപ്പണത്തെയും സേവനത്തെയും പ്രകീർത്തിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഡോ. ബി.സി. റോയിയുടെ സ്മരണാർത്ഥം ആചരിക്കുന്ന ഡോക്ടേഴ്സ് ദിനത്തിൽ, ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും, വൈദ്യശാസ്ത്രരംഗത്തുള്ളവരുടെ സേവനങ്ങളെ അംഗീകരിക്കുന്നതിനുമുള്ള ഒരു വേദി കൂടിയായി ഈ പരിപാടി മാറി.
ചടങ്ങിൽ ലയൺസ് ക്ലബ്ബ് വേങ്ങര പ്രസിഡന്റ് നൗഷാദ് വടക്കൻ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ മുനീർ ബുഖാരി പരിപാടി ഉദ്ഘാടനം ചെയ്തു. എഫ്.എച്ച്.സി പി.ആർ.ഒ നിയാസ്, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസ് എന്നിവർ മുഖ്യാതിഥികളായി.
ലയൺസ് ക്ലബ്ബ് സെക്രട്ടറി സുധി ലയാലി, ട്രഷറർ വർഷ ഉണ്ണി, പാസ്റ്റ് പ്രസിഡന്റ് പ്രദീപ് കുമാർ, ഷാക്കിർ വേങ്ങര, കരീം പാസ്കോ എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി ഡോക്ടേഴ്സിനെ പൊന്നാട അണിയിച്ച് ആദരിച്ചു.