വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. യൂണിറ്റിലെ വ്യാപാരികളുടെയും, സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും, ടൗണിലെ ചുമട്ടുതൊഴിലാളികളുടെയും മക്കളിൽ മികച്ച വിജയം നേടിയ 15 വിദ്യാർത്ഥികൾക്കാണ് സംഘടന മൊമെന്റോ നൽകി ആദരിച്ചത്. കൂടാതെ, വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് ഉപഹാരങ്ങളും നൽകി.
വേങ്ങരയിലെ എക്സിക്യൂട്ടീവ് എ.സി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സൈനുദ്ധീൻ ഹാജി അധ്യക്ഷത വഹിച്ചു. വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുരേഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾക്കായി അദ്ദേഹം മോട്ടിവേഷൻ ക്ലാസും നയിച്ചു.
വർക്കിംഗ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി പക്കിയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ശിവശങ്കരൻ നായർ സ്വാഗതവും മൊയ്തീൻ ഹാജി നെല്ലൂരാൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ സീനിയർ വൈസ് പ്രസിഡന്റുമാരായ എ.കെ. കുഞ്ഞുട്ടി, ടി.കെ.എം. കുഞ്ഞുട്ടി, കെ.ആർ. കുഞ്ഞിമുഹമ്മദ്, സെക്രട്ടറിമാരായ വെട്ടിക്കാട്ടിൽ ഇബ്രാഹിം, കെ.പി. റഷീദ്, സെക്രട്ടറി എക്സിക്യൂട്ടീവ് അംഗം ഹക്കീം തുപ്പിലിക്കാട്ട്, ബാവ കിഡ്‌സ്, ലത്തീഫ് ഹാജി കൊട്ടേക്കാട്ട്, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റുമായ അനീസ് പനക്കൽ, സഹൽ പി.കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ചടങ്ങ് ഭക്ഷണ വിതരണത്തിന് ശേഷം 6.30-ഓടെയാണ് സമാപിച്ചത്.