വേങ്ങര: യുവജനങ്ങളുടെ ആത്മീയ, ധാർമിക, സാമൂഹിക, ബൗദ്ധിക, വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് വിസ്ഡം യൂത്ത് വേങ്ങര മണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തിൽ മൂല്യാധിഷ്ഠിതമായ യുവജന മുന്നേറ്റം സൃഷ്ടിക്കുന്നതിനും ദഅ്‌വ, സേവന, പഠന പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ക്യാമ്പിൽ വിവിധ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി.
വിസ്ഡം സംസ്ഥാന ഭാരവാഹി നൗഫൽ ഒട്ടുമൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവത്വം സമൂഹത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും അറിവും ധാർമികതയും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി യുവാക്കൾ മുന്നോട്ടുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ
കിങ് ഖാലിദ് യൂണിവേഴ്സിറ്റിയിലെ ഡെന്റൽ വിഭാഗം പ്രൊഫസർ ഡോ. ഷഹീർ മുഖ്യപ്രഭാഷണം നടത്തി. വളർന്നുവരുന്ന യുവതലമുറ പ്രബോധന, വിദ്യാഭ്യാസ, സേവന മേഖലകളിൽ കൂടുതൽ സജീവമായി ഇടപെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. സമൂഹത്തിന്റെ പുരോഗതിയിൽ യുവജനങ്ങളുടെ നേതൃത്വപരമായ പങ്കാളിത്തം നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലഹരിവിരുദ്ധ ബോധവൽക്കരണം, പഠന വേദികൾ, വ്യക്തിത്വ വികസന പരിപാടികൾ, ഡിജിറ്റൽ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ ക്യാമ്പ് തീരുമാനിച്ചു.
അബ്ദുറസാഖ് മാനു, ഷെരീഫ്, റിസ്വാൻ കുറ്റൂർ, അൻവർ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.