കോഴിക്കോട്: സംസ്ഥാനത്ത് ബീഫ് വില കുതിക്കുന്നു. കന്നുകാലി വരവും ചെക്ക് പോസ്റ്റിലെ കർശന നിയന്ത്രണങ്ങളുമാണ് ബീഫ് വില കൂടാൻ കാരണമെന്നാണ് കേരള മീറ്റ് മെർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഖാലിദ് മഞ്ചേരി പറഞ്ഞു. ജൂലൈ അഞ്ച് മുതൽ ബീഫ് വില വർധിപ്പിക്കാൻ ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. ജനറൽ ബോഡി യോഗമാണ് വിലവർധിപ്പിക്കാൻ തീരുമാനിച്ചത്.
എല്ലുള്ളതിന് കിലോക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചി കിലോക്ക് 460 രൂപയുമായി വർധിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ലഭ്യത അനുസരിച്ച് വിലയിലും മാറ്റമുണ്ടാകാം. അയൽ സംസ്ഥാനങ്ങളിൽ നിന്നും കന്നുകാലി വരവ് തുടർന്നാൽ മാത്രമേ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ സാധിക്കൂ. ഇതിനായി തമിഴ്നാട്, കർണാടക സർക്കാറുകളും വ്യാപാരികളുടെ ചർച്ച നടക്കുന്നതായും ഖാലിദ് മഞ്ചേരി പറഞ്ഞു.
സംസ്ഥാനത്ത് ഇതിന് മുമ്പും ബീഫ് വില വർധിച്ചിരുന്നു. ട്രോളിങ് നിരോധനം കാരണം മത്സ്യത്തിനും തൊട്ടാൽ പൊള്ളുന്ന വിലയായിരിക്കുകയാണ്. പാൽ, പച്ചക്കറി തുടങ്ങി സാധാകരണക്കാരുടെ ദൈനംദിന ജീവിതത്തിലെ എല്ലാത്തിൻറെയും വില കൂടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കൂടാതെ, പാചകവാതക വില വർധിച്ചതും ജനങ്ങൾക്ക് ഇരുട്ടടിയാണ്. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബീഫിൻറെയും വില വർധനവ്.