മലപ്പുറം: പ്ലസ് വൺ ഏകജാലക, കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വോട്ട പ്രവേശനത്തിന്റെ മുഖ്യ അലോട്മെന്റ് കഴിഞ്ഞപ്പോൾ ജില്ലയിൽ 62,655 പേർ പ്രവേശനം നേടി.
ശേഷിക്കുന്ന ക്വോട്ടകളിലെ സപ്ലിമെന്ററി അലോട്മെന്റുകൾക്ക് 4,850 സീറ്റുകൾ. മുഖ്യ അലോട്മെന്റിൽ ഏകജാലക പ്രവേശനത്തിന് 82,753 പേരാണ് അപേക്ഷ നൽകിയത്.
ഇതു പ്രകാരം 20,098 പേരാണു പുറത്ത് നിൽക്കുന്നത്. അതേ സമയം ജില്ലയിലെ അൺഎയ്ഡഡ് സ്കൂളുകളിൽ പ്ലസ് വണിന് 1,738 പേർ പ്രവേശനം നേടിയിട്ടുണ്ട്. അപേക്ഷകരിലെ 8,213 പേർ മറ്റു ജില്ലകളിൽ നിന്ന് ജില്ലയിൽ അപേക്ഷ നൽകിയവരാണ്. ഇവരെ ഒഴിവാക്കിയാൽ 10,147 പേർക്കാണ് ഇനി പ്രവേശനം വേണ്ടത്.
പുതുതായി 60 ബാച്ചുകൾ കൂടി അനുവദിച്ചതോടെ ഇതിൽ 3000 പേർക്ക് സപ്ലിമെന്ററി അലോട്മെന്റിൽ പ്രവേശനം ലഭിക്കും. പുതിയ ബാച്ച് അനുവദിച്ചതും നിലവിലെ ഒഴിവുമടക്കം 7,850 സീറ്റുകൾ ജില്ലയിൽ ഇനി പ്ലസ് വൺ സീറ്റിനുണ്ടാകും.
ജില്ലയിൽ സർക്കാർ സ്കൂളുകളിൽ പ്ലസ് വണിന് 41,052 പേരാണ് പ്രവേശനം നേടിയത്. ആകെയുള്ള 41,860 സീറ്റുകളിൽ ഇനി 808 സീറ്റാണ് ഒഴിവുള്ളത്.
എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ 16,999 മെറിറ്റ് സീറ്റുകളിൽ 16,764 പേർ പ്രവേശനം നേടി. ഇതിൽ 235 സീറ്റുകൂടിയുണ്ട്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വോട്ടയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത്. 3,551 സീറ്റുകൾ. മാനേജ്മെന്റ് ക്വോട്ടയിലെ 4,928 സീറ്റുകളിൽ 1,377 പേരാണു പ്രവേശനം നേടിയത്.
എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ടകളിലെ 3,668 സീറ്റുകളിൽ 3,450 പേർ പ്രവേശനം നേടി. ഇതിൽ 218 സീറ്റുകൾ ഒഴിവുണ്ട്.
അൺഎയ്ഡഡ് സ്കൂളുകളിലെ 11,236 സീറ്റുകളിൽ 1,738 സീറ്റുകളിൽ പ്രവേശനം നടന്നു. ഇതിൽ 9,498 സീറ്റുകൾ ഒഴിവുണ്ട്. മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ 50 സീറ്റിൽ 12 എണ്ണത്തിൽ പ്രവേശനം നടന്നു. ഇവിടെ 38 സീറ്റുകൾ ഒഴിവുണ്ട്. ഇന്നലെ വൈകിട്ടാണു മുഖ്യ അലോട്മെന്റിലെ പ്രവേശനം പൂർത്തിയായത്. പ്ലസ് വൺ ക്ലാസുകൾ നാളെ തുടങ്ങും.