വേങ്ങര: വേങ്ങര സബ് ട്രഷറിക്ക് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പുതിയ സൗകര്യം ഒരുക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. കെട്ടിട സൗകര്യങ്ങളുടെ അപര്യാപ്തതയെത്തുടർന്ന് 2025 ഒക്ടോബർ മുതൽ തിരൂരങ്ങാടി സബ് ട്രഷറിയോടൊപ്പം പ്രവർത്തിച്ചു വരികയായിരുന്ന വേങ്ങര സബ് ട്രഷറിയെ, വേങ്ങരയിൽ തന്നെ നിലനിർത്തുന്നതിനായുള്ള നിർണ്ണായക തീരുമാനമാണിത്.
കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) വേങ്ങര മണ്ഡലം കമ്മിറ്റി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം ഉണ്ടായത്. വിഷയം ഗൗരവമായി പരിഗണിച്ച മന്ത്രി, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ സൗകര്യം ഒരുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
സബ് ട്രഷറി വേങ്ങരയിൽ തന്നെ നിലനിർത്താൻ അടിയന്തര ഇടപെടൽ നടത്തിയ മന്ത്രി കെ.എം. ഷാജിയെയും, അനുകൂല തീരുമാനമെടുത്ത ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെയും കെ.എസ്.പി.എൽ വേങ്ങര മണ്ഡലം കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.
ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ സി.കെ. അഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. യു. ഹമീദലി, എൻ. മുഹമ്മദ് കുട്ടി ഹാജി, പി.ടി. മൊയ്തീൻകുട്ടി മാസ്റ്റർ, എം.കെ. മുഹമ്മദ്, പി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.