കോട്ടയ്ക്കൽ: ദേശീയപാതയിൽ തിരക്കേറിയ ചങ്കുവെട്ടി ജങ്ഷനിൽ വണ്ടികൾ തട്ടിമറിഞ്ഞും വളഞ്ഞുപുളഞ്ഞും ഈ ഡിവൈഡറുകൾ കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട ഇവ ഇപ്പോൾ ജങ്ഷനിലെ കുരുക്കിന്റെ കാരണവും അപകടക്കെണിയുമാണ്.
നിരവധി വാഹനങ്ങളും കാൽനടക്കാരും കടന്നുപോകുന്ന ഈ ഭാഗത്ത് ഡിവൈഡറുകളുടെ നിര തെറ്റിക്കിടക്കുന്നതാണ് വിനയാകുന്നത്. രാത്രികാലങ്ങളിലും മഴയുള്ളസമയത്തും വാഹനങ്ങൾ ദിശ തിരിച്ചറിയാതെ പെട്ടെന്ന് ബ്രേക്കിടുന്നത് തുടർച്ചയായ വാഹനാപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.
വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽസെക്രട്ടറി കെ.എ. അറഫാത്ത് ദേശീയപാത അതോറിറ്റിക്ക് പരാതി നൽകി. യാത്രാദുരിതത്തിന് പരിഹാരമായി ദേശീയപാത അതോറിറ്റി അധികൃതർ അടിയന്തരമായി സ്ഥലപരിശോധന നടത്തണമെന്നും ഡിവൈഡറുകൾ കൃത്യമായ ലൈനിൽ പുനഃക്രമീകരിച്ച് ആവശ്യമായ റിഫ്ലക്ടറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നും കെ. എ. അറഫാത്ത് ആവശ്യപ്പെട്ടു.
കോട്ടയ്ക്കൽ മേഖലാ എസ്.ജെ.എം. കമ്മിറ്റിയും ജങ്ഷനിലെ താത്കാലിക ഡിവൈഡറുകൾ പുനഃസ്ഥാപിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് കോട്ടയ്ക്കൽ നഗരസഭാധ്യക്ഷൻ കെ.കെ. നാസറിന് നിവേദനം നൽകി. വാഹനങ്ങൾ തട്ടി പരന്നുകിടക്കുന്ന വലിയ സിമന്റ് കട്ടകൾ അപകടഭീഷണിയായ സാഹചര്യത്തിൽ റോഡ് വിഭാഗവും മരാമത്തുവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഇവ അപകടരഹിതമായി പുനഃസ്ഥാപിക്കാൻ ഇടപെടണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മുഹമ്മദ് സഖാഫി, സൈതലവി സഖാഫി, സയ്യിദ് സാഹിർ തങ്ങൾ, നസ്റുൻ ഇസ്‍ലാം സഖാഫി എന്നിവർ നിവേദനം കൈമാറി.