പരപ്പനങ്ങാടി: പരപ്പനങ്ങാടി പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് കോംപ്ലക്സിലും സർക്കാർ ഓഫീസ് പരിസരങ്ങളിലും വിവിധ സർക്കാർ ജീവനക്കാരുടെ സംഘടനകളുടെയും രാഷ്ട്രീയ സ്വഭാവമുള്ള യൂണിയനുകളുടെയും ഫ്ലക്സുകൾ, പോസ്റ്ററുകൾ, ബാനറുകൾ, കൊടിമരങ്ങൾ എന്നിവ സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായി സ്ഥാപിച്ചിരിക്കുന്നതായി ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി.
സർക്കാർ ഉത്തരവുകളും പൊതുമരാമത്ത് വകുപ്പ് മാനുവലും പ്രകാരം സർക്കാർ കെട്ടിടങ്ങളും പരിസരങ്ങളും അനധികൃത പ്രചാരണ സാമഗ്രികളിൽ നിന്ന് മുക്തമാക്കി സംരക്ഷിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിലവിൽ സർക്കാർ ഓഫീസ് വരാന്തകളിലും സ്റ്റെയർകേസുകളിലും ചുമരുകളിലും വിവിധ സംഘടനകളുടെ പോസ്റ്ററുകളും ഫ്ലക്സുകളും സ്ഥാപിച്ചിരിക്കുന്നതിനാൽ സർക്കാർ സ്ഥാപനത്തിന്റെ വൃത്തിയും നിഷ്പക്ഷതയും ബാധിക്കപ്പെടുന്നതായും പരാതിയിൽ പറയുന്നു.
അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന എല്ലാ പോസ്റ്ററുകളും ഫ്ലക്സുകളും ബാനറുകളും കൊടിമരങ്ങളും അടിയന്തരമായി നീക്കം ചെയ്യുക, സർക്കാർ ഉത്തരവുകൾ ലംഘിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക, സർക്കാർ സ്വത്തിന്റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ആവശ്യമായ വകുപ്പ് തല നടപടികൾ സ്വീകരിക്കുക, സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കുക എന്നീ ആവശ്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത്, പി പി സുബൈർ,നിയാസ് അഞ്ചപ്പുര പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകിയത്.