വല്യുപ്പാന്റെ ഈണം; ചെറുമകളുടെ ശബ്ദം: പതിറ്റാണ്ടുകൾക്ക് ശേഷം പാട്ട് വൈറൽ

വേങ്ങര : 1989 കളിൽ ദുബായിൽ വെച്ചു സുഹൃത്ത് രചിച്ച പാട്ടിന് ഈണം നൽകുമ്പോൾ ഒതുക്കുങ്ങൽ സ്വദേശി 
ആട്ടീരി മണിപ്പറമ്പൻ അബ്ദുക്ക ഒരിക്കലും ഓർത്തിരിക്കാൻ സാധ്യതയില്ല, പതിറ്റാണ്ടുകൾക്ക് ശേഷം തന്റെ ചെറുമകളിലൂടെ ഈ പാട്ട് ലോകം മുഴുവൻ കേൾക്കുമെന്ന്.
ഇപ്പോൾ 78 വയസ്സിലെത്തിയ അബ്ദുക്കയുടെ 
സന്തോഷത്തിന് അത് കൊണ്ട് തന്നെ ഇരട്ടി മധുരം. ഇദ്ദേഹം വിദേശത്തായിരിക്കെ 1989ൽ ഈണം നൽകി, 2021ൽ റെക്കോഡ് ചെയ്ത‌ ഗാനമാണ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 

1989 കാലത്ത് ദുബായിൽ ജോലി ചെയ്യുമ്പോഴാണ് കോട്ടക്കൽ ആട്ടീരി മണിപ്പറമ്പൻ അബ്ദു ഒരു പാട്ടിന് ആദ്യമായി ഈണം നൽകുന്നത്. സ്നേഹിതനും ദുബായ് പോസ്റ്റ്  ഓഫീസിൽ ജീവനക്കാരനുമായ തിരുവനന്തപുരം സ്വദേശി ഹുമയൂൺ കബീർ,  ഉമ്മയെ ഓർത്ത് എഴുതിയ വരികൾക്കാണ് അന്ന് അബ്ദു ഈണം നൽകിയത്. ഹുമയൂൺ കബീർ വിദേശത്തു അസുഖമായി കിടക്കവെ, അരികിൽ ഉമ്മയില്ലാത്ത സങ്കടം 
കോറിയിട്ട വരികൾ, ആരെക്കൊണ്ടെങ്കിലും സംഗീതം നൽകി പാടിക്കേൾക്കണം എന്ന ആഗ്രഹത്തോടെയാണ് സുഹൃത്ത് അബ്ദുവിനെ ഏൽപ്പിച്ചത്. പക്ഷെ പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ ഇരുവർക്കും അന്നത് സാധ്യമായില്ല.

1996ൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ അബ്ദുക്കയും കുടുംബവും തന്റെ ജോലികളുമായി മുന്നോട്ടുപോവുകയും ചെയ്തു. പിന്നീട് 2021ൽ അബ്ദുക്കയുടെ മകൾ അസ്മയുടെ മകളായ അഞ്ചാംക്ലാസുകാരി ഷഹിമ നല്ല ഈണത്തിൽ പാട്ടുകൾ പാടുന്നത് കേട്ട് താൻ ഈണം നൽകിയ വരികൾ ചെറുമകളെക്കൊണ്ട് പാടിക്കുകയായിരുന്നു. ചെറുമകൾ ഷഹിമയുടെ പാട്ട് ഏറെ ഇഷ്ടമായതോടെ സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്തു. വെള്ളില അന്ധവിദ്യാലയത്തിലെ അധ്യാപകനും തൊടുപുഴ സ്വദേശിയുമായ നിസാർ മാഷിന്റെ സഹായത്തോടെയായിരുന്നു റെക്കോഡിങ്. ശേഷം, റെക്കോർഡ് ചെയ്ത പാട്ട്, ഇത് എഴുതിയ സുഹൃത്ത് ഹുമയൂൺ കബീറിന് അയച്ചുകൊടുത്തു.

ബന്ധുവും ഗാനരചയിതാവുമായ ഡോ. കോട്ടക്കൽ കുഞ്ഞു മൊയ്ത‌ീൻകുട്ടിയാണ് പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചത്. ഇതോടെ പാട്ട് വൈറലാവുകയും ചെയ്തു. 

പാട്ടുപാടിയ ഷഹീമ കോട്ടൂർ എകെഎം എച്ച്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണിപ്പോൾ.


Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}