വേങ്ങര: വേങ്ങര മണ്ഡലത്തിന്റെ സമഗ്ര വികസനവും ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവും ലക്ഷ്യമിട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) വേങ്ങര യൂണിറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് സ്വീകരണം നൽകി. മണ്ഡലത്തിലെ വിവിധ വികസന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു.
വേങ്ങരയുടെ വികസനത്തിനായി ഒൻപത് പ്രധാന ആവശ്യങ്ങളാണ് വ്യാപാരികൾ മന്ത്രിക്ക് മുന്നിൽ വെച്ചത്. മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിലെ കുരിയാട് മുതൽ കാരാത്തോട് വരെയുള്ള ഭാഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുക, വേങ്ങര ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് നിയന്ത്രണത്തിനായി ഉദ്യോഗസ്ഥരെ വിന്യസിക്കുക, തിരക്കേറിയ ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
കൂടാതെ, അശാസ്ത്രീയമായ ഓവുചാലുകൾ ആധുനിക രീതിയിൽ പുനർനിർമ്മിക്കുക, ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കാരാത്തോട്-കൂരിയാട് പുഴയോര ബൈപ്പാസ് യാഥാർത്ഥ്യമാക്കുക, രാത്രികാലങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും നിവേദനത്തിലുണ്ട്.
ആരോഗ്യ മേഖലയിൽ വേങ്ങര കുടുംബാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നും, കെട്ടിടം പൂർത്തിയായിട്ടും പ്രവർത്തനക്ഷമമല്ലാത്ത ഡയാലിസിസ് സെന്റർ എത്രയും വേഗം തുറക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ബത്തേരി മാതൃകയിൽ വേങ്ങരയെ പ്ലാസ്റ്റിക് രഹിതവും വൃത്തിയുള്ളതുമായ ടൗണാക്കി മാറ്റുന്നതിന് തദ്ദേശ വകുപ്പിന്റെ ഇടപെടൽ വേണമെന്നും നിവേദനത്തിൽ പറയുന്നു.
KVVES വേങ്ങര യൂണിറ്റ് പ്രസിഡന്റ് സൈനുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവശങ്കരൻ നായർ സ്വാഗതം ആശംസിച്ചു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് അകം ചുണ്ടയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് ഹാജി മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കെ.എം. ഷാജി മറുപടി പ്രസംഗം നടത്തി. ടി.കെ.എം കുഞ്ഞുട്ടി മന്ത്രിക്ക് ഹാരമണിയിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി നാസർ കുഞ്ഞുട്ടി, വിവിധ ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.