കോട്ടക്കൽ: കോട്ടക്കലിൽ ആയുർവേദ സർവ്വകലാശാല സ്ഥാപിക്കണമെന്ന ദീർഘകാല ആവശ്യം ശക്തമാക്കി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. സർവ്വകലാശാല സ്ഥാപിക്കുന്നതിനായുള്ള വിശദമായ പ്രൊപ്പോസലും റിപ്പോർട്ടും എം.എൽ.എ മന്ത്രിക്ക് കൈമാറി. കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസറും എം.എൽ.എ ക്ക് ഒപ്പമുണ്ടായിരുന്നു.
ആയുർവേദ ചികിത്സാ രംഗത്ത് ആഗോള പ്രശസ്തിയാർജ്ജിച്ച കോട്ടക്കലിൽ സർവ്വകലാശാല സ്ഥാപിക്കണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. മുൻ രാഷ്ട്രപതി വി.വി. ഗിരിയാണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. 2012-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കോട്ടക്കൽ വി.പി.എസ്.വി ആയുർവേദ മെഡിക്കൽ കോളേജിന്റെ സ്ഥലം ഉപയോഗപ്പെടുത്തി സർവ്വകലാശാല സ്ഥാപിക്കാൻ തത്വത്തിൽ അംഗീകാരം നൽകുകയും സർക്കാർ ഉത്തരവ് (സ.ഉ (സാധാ)നം.542/2013/ആ.കു.വ) പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ കളക്ടറെ സ്പെഷ്യൽ ഓഫീസറായി നിയമിക്കുകയും ബജറ്റിൽ തുക വകയിരുത്തുകയും ചെയ്തിരുന്നെങ്കിലും പിന്നീട് നടപടികൾ മരവിപ്പിക്കുകയായിരുന്നു.
സംസ്ഥാനത്ത് 18-ഓളം ആയുർവേദ കോളേജുകൾ ഉണ്ടായിട്ടും ഒരു സർവ്വകലാശാല ഇല്ലാത്തത് വലിയ പോരായ്മയാണെന്നും, കോട്ടക്കലിന്റെ അത്ര പ്രശസ്തിയില്ലാത്ത മറ്റ് സംസ്ഥാനങ്ങളിൽ പോലും സർവ്വകലാശാലകൾ നിലവിൽ വന്നുവെന്നും എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആയുർവേദ ഗവേഷണത്തിനും ടൂറിസത്തിനും വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ കഴിയുന്ന ഈ പദ്ധതിക്കായി കോട്ടക്കലിൽ ആവശ്യത്തിന് സ്ഥലലഭ്യതയുണ്ടെന്നും കൂടുതൽ സർക്കാർ ഭൂമി എളുപ്പത്തിൽ ലഭ്യമാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്കായി വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. വിഷയം പ്രായോഗികമായി പഠിക്കുമെന്നും കോട്ടക്കലിൽ ആയുർവേദ സർവ്വകലാശാല സ്ഥാപിക്കണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കാമെന്നും മന്ത്രി ഉറപ്പുനൽകി.
ഇതോടൊപ്പം, ആയുർവേദ കോളേജിലെ 18 അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കത്ത് കൈമാറി.