കണ്ണമംഗലം: സാമൂഹിക സേവന രംഗത്ത് നടത്തിയ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വേങ്ങര കണ്ണമംഗലം സ്വദേശിനി മുബസ്സിറ പി.ക്ക് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ (NHRF) ഡോ. ബി.ആർ. അംബേദ്കർ അവാർഡ് സമ്മാനിച്ചു. 'ബെസ്റ്റ് സോഷ്യൽ വർക്കർ' (Best Social Worker Award) വിഭാഗത്തിലാണ് മുബസ്സിറ ഈ പുരസ്കാരത്തിന് അർഹയായത്.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.ആർ. ബൈജു എം.എൽ.എ. അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് ജി.എസ്. മുഖ്യാതിഥിയായിരുന്നു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശീയ പ്രസിഡന്റ് എം.കെ. ഗിരീഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സാമൂഹിക സേവനത്തിന് പുറമെ വിദ്യാഭ്യാസം, സാഹിത്യം, മനുഷ്യാവകാശ പ്രവർത്തനം, ആരോഗ്യം, മനഃശാസ്ത്രം, ബിസിനസ് സംരംഭകത്വം, കല തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ചടങ്ങിൽ ആദരിച്ചു.
കണ്ണമംഗലം പഞ്ചായത്തിലെ കശ്മീർ ദേശത്ത് താമസിക്കുന്ന പറമ്പിൽ ഇബ്രാഹിമിന്റെ ഭാര്യയാണ് മുബസ്സിറ. അബ്ദുൾ റസാഖ് - മറിയമു ദമ്പതികളുടെ മകളാണ്.