വേങ്ങര: കെ.എസ്.ഇ.ബി വേങ്ങര സെക്ഷനു കീഴിലെ പുത്തനങ്ങാടി, അക്കാപ്പുര മേഖലകളിൽ രൂക്ഷമായ വൈദ്യുതി തടസ്സം ജനജീവിതം ദുസ്സഹമാക്കുന്നു. ആഴ്ചകളായി തുടരുന്ന അപ്രഖ്യാപിത വൈദ്യുതി തടസ്സം മൂലം പ്രദേശവാസികളും വ്യാപാരികളും കടുത്ത ബുദ്ധിമുട്ടിലാണ്.
മണിക്കൂറിൽ പലതവണയാണ് ഇവിടെ വൈദ്യുതി വന്നുപോകുന്നത്. ഇതിനുപുറമെ ലൈൻ അറ്റകുറ്റപ്പണികളും മരച്ചില്ലകൾ വെട്ടിമാറ്റലും ചൂണ്ടിക്കാട്ടി ദിവസം മുഴുവനായി വൈദ്യുതി വിച്ഛേദിക്കുന്നതും പതിവാണ്.
വൈദ്യുതി ഒളിച്ചു കളി മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിലെ 1200-ലധികം വരുന്ന വിദ്യാർത്ഥികളാണ്. മഴക്കാലത്തുപോലും കാറ്റും വെളിച്ചവുമില്ലാതെ ക്ലാസ് മുറികളിൽ കുട്ടികൾക്ക് വിയർത്തൊലിച്ചിരിക്കേണ്ടി വരുന്നു. മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ഉച്ചഭക്ഷണത്തിന് ശേഷം കൈ കഴുകാനും ശുചിമുറികളിൽ ഉപയോഗിക്കാനും വെള്ളമില്ലാതെ വിദ്യാർത്ഥികൾ കടുത്ത ദുരിതത്തിലാണ്. ഇതേക്കുറിച്ച് അന്വേഷിക്കുന്നവരോട് ബന്ധപ്പെട്ട അധികാരികൾ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണെന്നും ആക്ഷേപമുണ്ട്.
അടിയന്തരമായി ഈ ഭാഗത്തെ വൈദ്യുതി ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും മരച്ചില്ലകൾ വെട്ടിമാറ്റുന്നതും അറ്റകുറ്റപ്പണികളും സ്കൂൾ അവധി ദിവസങ്ങളിലേക്ക് മാറ്റണമെന്നും സ്കൂൾ പി.ടി.എ കമ്മിറ്റി ആവശ്യപ്പെട്ടു.