മൂന്നിയൂരിൽ യുവാവിന്റെ മരണം: വ്യാജ പ്രചരണങ്ങൾ തള്ളി നാട്ടുകാരും പോലീസും; സംഭവം വ്യക്തിപരമായ തർക്കം

മൂന്നിയൂരിൽ കടയിൽ കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെയും അടിപിടിയെയും തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ വടക്കേ പറമ്പ് അബ്ദുൽ ഖാദറിന്റെ മകൻ ഫൈസൽ (40) ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കുന്നത്ത് പറമ്പ് സ്വദേശി മാളിയേക്കൽ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി കുന്നത്ത് പറമ്പിലെ കടയിൽ കോഴിമുട്ട വാങ്ങുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം.

കടയിലെത്തിയ ഫൈസലും ലത്തീഫും തമ്മിൽ കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടാകുകയും അത് കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. തർക്കത്തിനിടെ ഫൈസൽ ലത്തീഫിന് നേരെ മുട്ടയെറിഞ്ഞു. ഇതോടെ പ്രകോപിതനായ ലത്തീഫ് ഫൈസലിനെ പിടിച്ചുതള്ളുകയായിരുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തലയിടിച്ച് വീണ ഫൈസലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

പ്രതിയായ ലത്തീഫിനെ വധശ്രമത്തിന് പോലീസ് പിടികൂടിയിരുന്നു. ഫൈസലിന്റെ മരണത്തോടെ പ്രതിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി.

ഫാത്തിമ സുഹറയാണ് മരണപ്പെട്ട ഫൈസലിന്റെ മാതാവ്. ഭാര്യ: സുഹറ. രണ്ട് മക്കളുണ്ട്.

അതിനിടെ, മൂന്നിയൂരിലെ ഈ സംഭവം അർജന്റീന - ബ്രസീൽ ഫുട്ബോൾ വൈരത്തെച്ചൊല്ലിയുണ്ടായ തർക്കമാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി വ്യാജ പ്രചരണം നടക്കുന്നുണ്ട്. എന്നാൽ ഈ പ്രചരണം തികച്ചും വാസ്തവവിരുദ്ധമാണെന്നും വ്യക്തിപരമായ തർക്കമാണ് മരണത്തിൽ കലാശിച്ചതെന്നും നാട്ടുകാരും പോലീസും വ്യക്തമാക്കി. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ഇത്തരം നുണപ്രചരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}