എ.ഐ ക്യാമറ കണ്ണടച്ചെന്ന് കരുതരുത്; നിയമം ലംഘിക്കാന്‍ നിന്നാല്‍ പണി പിന്നാലെ വരും

സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരെ സര്‍വസമയവും നരീക്ഷിക്കുന്ന ഏക സംവിധാനമാണ് എ.ഐ ക്യാമറ. അതുകൊണ്ട് തന്നെ ഗതാഗത നിയമലംഘനം നടത്തുന്നവരുടെ പേടിസ്വപ്നവുമാണ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലായി മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന എ.ഐ ക്യാമറകള്‍. എന്നാല്‍ ഇന്നലെ മുതല്‍ എ.ഐ ക്യാമറകള്‍ കണ്ണടച്ചെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്. വാര്‍ത്ത സത്യമാണ്, നിലവില്‍ എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് പിഴ ഈടാക്കുന്നില്ല. എന്ന് കരുതി ഇനി ക്യാമറയെ പേടിക്കേണ്ടായെന്ന് കരുതരുത്. പണി കൂട്ടത്തോടെ കിട്ടും.

ക്യാമറകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇന്‍റര്‍നെറ്റ് നല്‍കുന്ന കമ്പനിക്ക് പണം കൊടുക്കാത്തതിനാല്‍ അവര്‍ താല്‍കാലികമായി സേവനം അവസാനിപ്പിച്ചതാണ് പ്രശ്നം. അതുകൊണ്ടാണ് രണ്ട് ദിവസമായി ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കൊന്നും മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയക്കാത്തത്. പക്ഷെ ഇപ്പോഴും ക്യാമറ അതിന്‍റെ കണ്‍മുന്നില്‍ വരുന്ന നിയമലംഘനങ്ങളെല്ലാം കാണുന്നുണ്ട്. ചിത്രങ്ങളും എടുക്കുന്നുണ്ട്. അവ സെര്‍വറില്‍ സൂക്ഷിച്ച് വെക്കുന്നുണ്ട്. ഇന്‍റര്‍നെറ്റ് കണക്ഷന്‍ എപ്പോള്‍ തിരികെ കിട്ടുന്നു. അന്നേരെ ഈ ചിത്രങ്ങളെല്ലാം മോട്ടോര്‍ വാഹനവകുപ്പിന്‍റെ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും. അതോടെ കെട്ടിക്കിടക്കുന്ന പിഴകള്‍ക്കെല്ലാം കൂട്ടത്തോടെ നോട്ടീസ് അയക്കും. അതായത് ഇപ്പോള്‍ ക്യാമറയുടെ മുന്നില്‍ പെട്ടാലും അല്‍പം ലേറ്റായാലും പിഴ പിന്നാലെ വരും എന്നര്‍ത്ഥം

ക്യാമറകള്‍ക്ക് എന്താണ് സംഭവിച്ചത്?

എ.ഐ ക്യാമറകള്‍ മോട്ടോര്‍ വാഹനവകുപ്പിന്‍റെ നിയന്ത്രണത്തിലാണങ്കിലും അത് പ്രവര്‍ത്തിപ്പിക്കുന്നത് കെല്‍ട്രോണാണ്. ഓരോ മൂന്ന് മാസം കൂടുമ്പോളും ഏകദേശം 12 കോടിയോളം രൂപ കെല്‍ട്രോണിന് മോട്ടോര്‍ വാഹനവകുപ്പ് നല്‍കണം. എന്നാല്‍ കഴിഞ്ഞ 15 മാസമായി കെല്‍ട്രോണിന് പണം നല്‍കിയിട്ടില്ല. ഏകദേശം 64 കോടിയോളം രൂപ കുടിശികയുണ്ട്. കാമറകളും കണ്‍ട്രോള്‍ റൂമും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ഇന്‍റര്‍നെറ്റിനായി കെല്‍ട്രോണ്‍ സ്വകാര്യ കമ്പനിയേയാണ് ആശ്രയിച്ചിരുന്നത്. സര്‍ക്കാര്‍ പണം നല്‍കാതെ വന്നതോടെ ഇന്‍റര്‍നെറ്റ് കമ്പനിക്ക് കെല്‍ട്രോണും പണം കൊടുത്തില്ല. പല തവണ ചോദിച്ചിട്ടും കിട്ടാതെ വന്നതോടെ അവര്‍ പണി നിര്‍ത്തി. അങ്ങിനെ ക്യാമറകളും കണ്‍ട്രോള്‍ റൂമും തമ്മിലുള്ള ബന്ധം നഷ്ടമായി.

പിഴത്തുകയെല്ലാം എവിടെപ്പോയി

എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ട് നാല് വര്‍ഷമായി. ഇതിനകം 335 കോടിയോളം രൂപ പിഴയായി ക്യാമറകള്‍ വഴി സര്‍ക്കാരിന് ലഭിച്ചു. ക്യാമറകള്‍ സ്ഥാപിക്കാന്‍ ആകെ ചെലവായത്  230 കോടിയാണ്. അതായത് നാല് വര്‍ഷം കൊണ്ട് തന്നെ മുടക്ക് മുതലും കഴിഞ്ഞ് 115 കോടിയോളം രൂപ സര്‍ക്കാരിന് ലഭിച്ചുകഴിഞ്ഞു. പിഴയായി കിട്ടുന്ന തുക നേരെ സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത്. അതിന്‍റെ അമ്പത് ശതമാനം റോഡ് സേഫ്റ്റി അതോറിറ്റിക്ക് കൈമാറണമെന്നാണ് നിയമം. അതില്‍ നിന്ന് വേണം കെല്‍ട്രോണിനും മറ്റും കൊടുക്കാനുള്ള തുക കണ്ടെത്താന്‍. എന്നാല്‍ ധനവകുപ്പ് റോഡ് സേഫ്റ്റി അതോറിറ്റിക്ക് ഉള്‍പ്പടെ പണം കൈമാറിയിട്ടില്ലെന്നാണ് പറയുന്നത്. അതായത് പിഴത്തുക മുഴുവന്‍ സര്‍ക്കാര്‍ ഖജനാവിലുണ്ടാകണം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}