ഇനി ഹാജർ വിളിക്കേണ്ട, കുരുന്നുകൾ തന്നെ ഹാജർ വെക്കും; എളമ്പുലാശ്ശേരി സ്കൂളിലെ വേറിട്ട കാഴ്ച

തേഞ്ഞിപ്പലം: ഒന്നാം ക്ലാസ് മുറികളിലെ പതിവ് കാഴ്ചകളായ 'റോൾ നമ്പർ ഒന്ന്...' എന്ന അധ്യാപികയുടെ വിളിയും, എഴുന്നേറ്റ് നിന്ന് 'പ്രസന്റ് ടീച്ചർ' എന്ന് പറയുന്ന കുട്ടികളുടെ മറുപടിയും തേഞ്ഞിപ്പലത്തെ എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിൽ ഇപ്പോൾ ചരിത്രമായി. ഡിജിറ്റൽ ബയോമെട്രിക് സംവിധാനങ്ങളെയല്ല, മറിച്ച് കുട്ടികളുടെ സ്വന്തം കൈകൊണ്ട് നിർമ്മിച്ച ക്രാഫ്റ്റ് വിദ്യയിലൂടെയുള്ള ഹാജർ രേഖപ്പെടുത്തൽ രീതിയാണ് ഈ വിദ്യാലയം ഇപ്പോൾ പിന്തുടരുന്നത്.

സ്കൂളിലെ ഒന്നാം ക്ലാസ് മുറിയിലെ ചുവരിൽ സ്ഥാപിച്ചിരിക്കുന്ന ആകർഷകമായ അറ്റൻഡൻസ് ബോർഡാണ് ഈ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. കട്ടിയുള്ള കാർഡുകളിൽ വർണ്ണക്കടലാസുകൾ ഒട്ടിച്ച് നിർമ്മിച്ച ഈ ബോർഡിൽ ഓരോ കുട്ടിയുടെയും പേരും ഫോട്ടോയുമുണ്ട്. ഇതിനൊപ്പം ഐസ്ക്രീം സ്റ്റിക്കുകൾ കൊണ്ട് നിർമ്മിച്ച പ്രത്യേക 'അറ്റൻഡൻസ് സ്റ്റിക്കുകളും' സജ്ജീകരിച്ചിരിക്കുന്നു.

രാവിലെ സ്കൂളിലെത്തുന്ന കുട്ടികൾ നേരെ ഈ ബോർഡിന് മുന്നിലെത്തി തങ്ങളുടെ പേരും ഫോട്ടോയുമുള്ള ബോക്സിൽ അറ്റൻഡൻസ് സ്റ്റിക്ക് വെക്കുന്നു. ഈ കൗതുകകരമായ ചടങ്ങിന് ശേഷമാണ് കുട്ടികൾ സീറ്റുകളിൽ ഇരിക്കുന്നത്. പഠനത്തെ ഒട്ടും ബാധിക്കാത്ത രീതിയിൽ ഇടവേളകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് രണ്ടാഴ്ച കൊണ്ടാണ് ഈ ബോർഡ് തയ്യാറാക്കിയത്.

ഗുണങ്ങൾ ഏറെ
ഈ സംവിധാനം അധ്യാപകർക്ക് ക്ലാസിലെ ഹാജർനില ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്. ഇതിലുപരിയായി, കൊച്ചു കുട്ടികളിൽ കൃത്യനിഷ്ഠ, ഉത്തരവാദിത്തബോധം, ആത്മവിശ്വാസം എന്നിവ വളർത്താൻ ഈ കൊച്ചു പരീക്ഷണം വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു. സ്റ്റിക്ക് വെക്കാനുള്ള ആവേശം കാരണം സ്കൂളിൽ വരാൻ കുട്ടികൾ ഇപ്പോൾ വലിയ താല്പര്യം കാണിക്കുന്നുണ്ടെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ ഒന്നാം ക്ലാസിൽ തുടങ്ങിയ ഈ മാതൃക വരും ദിവസങ്ങളിൽ മറ്റ് ക്ലാസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് സ്കൂൾ മാനേജർ എം. മോഹനകൃഷ്ണൻ, ഹെഡ് മിസ്ട്രസ് ഇ.എൻ. ശ്രീജ, പി.ടി.എ പ്രസിഡന്റ് ടി. മുസ്തഫ, ഒന്നാം ക്ലാസ് അധ്യാപികമാരായ പി. ഷൈജില, എം. ഉമ്മു ഹബീബ എന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}