ഓപ്പറേഷൻ സൈ-ഹണ്ട്: മലപ്പുറത്ത് വൻ ക്രമക്കേട്; 25,000-ത്തിലധികം മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തി

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കിവരുന്ന 'ഓപ്പറേഷൻ സൈ-ഹണ്ട്' നടപടികളിൽ മലപ്പുറം ജില്ലയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. 

ജില്ലയിൽ ഇരുപത്തയ്യായിരത്തിലധികം (25,000) ബാങ്ക് അക്കൗണ്ടുകൾ സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കായി ദുരുപയോഗം ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത് മലപ്പുറത്താണെന്നാണ് കണ്ടെത്തൽ.

സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന തുക എടിഎം വഴിയോ ചെക്ക് ഉപയോഗിച്ചോ പിൻവലിച്ച് തട്ടിപ്പുകാർക്ക് കൈമാറുകയോ, ബാങ്ക് രേഖകൾ പൂർണ്ണമായും കൈമാറി കമ്മീഷൻ പറ്റുകയോ ചെയ്യുന്ന മ്യൂൾ അക്കൗണ്ട് ഉടമകളെ ലക്ഷ്യമിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇതിന്റെ ഭാഗമായി ജില്ലയിൽ 750 ഓളം റെയ്ഡുകൾ നടത്തുകയും 194 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസിൽ ഇതുവരെ 94 പേരെ അറസ്റ്റ് ചെയ്ത പോലീസ്, പ്രതികളിൽ നിന്ന് 171 ഇലക്ട്രോണിക് ഉപകരണങ്ങളും 320 ഓളം രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

വിദ്യാർത്ഥികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവരെയാണ് സൈബർ തട്ടിപ്പുസംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ചെറിയ തുക വാഗ്ദാനം ചെയ്ത് ഇവരുടെ അക്കൗണ്ട് വിവരങ്ങളും സിം കാർഡുകളും വാടകയ്ക്കെടുക്കുകയോ കൈവശപ്പെടുത്തുകയോ ചെയ്യുന്നു.

പലപ്പോഴും തങ്ങളുടെ അക്കൗണ്ട് തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഉടമകൾ അറിയാറില്ലെന്നും, അന്വേഷണസംഘം എത്തുമ്പോൾ മാത്രമാണ് ഇതിന്റെ ഭീകരത പലരും തിരിച്ചറിയുന്നതെന്നും പോലീസ്.

​ബാങ്ക് അക്കൗണ്ട് വിവരങ്ങളോ സിം കാർഡുകളോ മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.

ആർക്കെങ്കിലും ഇത്തരം വിവരങ്ങൾ കൈമാറിയിട്ടുണ്ടെങ്കിൽ അവ അടിയന്തരമായി റദ്ദാക്കേണ്ടതാണ്. സംശയാസ്പദമായ ഫോൺ കോളുകളിൽ വഞ്ചിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും സൈബർ തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിവരമറിയിക്കണമെന്നും പോലീസ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}