മലപ്പുറം ജില്ലയില്‍ ശക്തമായ മഴ; 4 ക്യാമ്പുകള്‍ തുറന്നു

ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഏത് സാഹചര്യവും നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. സുരക്ഷ മുന്‍നിര്‍ത്തി 13 കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. 

മഞ്ചേരി വില്ലേജില്‍ വലിയട്ടിപറമ്പ് അംഗന്‍വാടിയിലും എടവണ്ണ ചെറുമണ്ണ് അംഗന്‍വാടിയിലും പാണക്കാട് മഅ്ദിനുല്‍ ഉലൂം മദ്രസയിലും നെടിയിരുപ്പ് ജി.ഡബ്ല്യു.യു.പി.എസ് സ്‌കൂളിലും ആണ് ക്യാമ്പുകള്‍ ആരംഭിച്ചത്. 24 പുരുഷന്മാരും 22 സ്ത്രീകളും 20 കുട്ടികളും നാല് മുതിര്‍ന്ന വരുമുള്‍പ്പെടെ 70 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ ബന്ധുവീടുകളിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറി താമസിക്കണം. അധികൃതര്‍ ക്യാമ്പുകളിലേക്ക് മാറാന്‍ ആവശ്യപ്പെടുമ്പോള്‍ ഉടന്‍തന്നെ ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്. പുഴകളുടെയും തോടുകളുടെയും ജലാശയങ്ങളുടെയും സമീപത്ത് താമസിക്കുന്നവരും ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം. മീന്‍ പിടിക്കുന്നനതിനോ കുളിക്കുന്നതിനോ തോട്, പുഴ, മറ്റു ജലാശയങ്ങള്‍, ഡാമുകള്‍ എന്നിവിടങ്ങളിലേക്ക് പോകരുത്. ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ  അധികൃതരെ അറിയിക്കണം. ക്യാമ്പുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}