മലപ്പുറം: ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മുൻസിപ്പൽ ബസ്‌സ്റ്റാൻഡ് പരിസരത്ത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
സ്വാതന്ത്ര്യസമരത്തിന്റെ സ്മൃതികളുണർത്തുന്ന ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി എല്ലാവരും യത്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം നഗരസഭാ ഉപാധ്യക്ഷൻ ജിതേഷ് ജി. അനിൽ അധ്യക്ഷനായി.
ആദ്യവില്പന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം നഗരസഭാ കൗൺസിലർ കെ.വി. ഗീത മോഹന് നൽകി ഉദ്ഘാടനംചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി മേളയുടെ നറുക്കെടുപ്പ് കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു.
കേരളാ ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലെ വില്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സ്പെഷ്യൽ റിബേറ്റ് ലഭിക്കും.
കോട്ടപ്പടി ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ചങ്ങരംകുളം, എടപ്പാൾ, താനൂർ, ഖാദി, വട്ടംകുളം എന്നിവിടങ്ങളിലും ജില്ലയിലെ ഖാദി ഉത്പാദന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രാമ സൗഭാഗ്യകളിലും മേള നടക്കുന്നുണ്ട്.
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും ഉപാധികളോടെ ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.
25 വരെയാണ് മേള. നഗരസഭാ കൗൺസിലർ കെ. യമുന, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം. ഗിരീഷ്, കോഴിക്കോട് സർവോദയാ സംഘം സെക്രട്ടറി എം.കെ. ശ്യാം പ്രസാദ്, കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് മാർക്കറ്റിങ് ഡയറക്ടർ കെ. ഷിബി, ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ കെ.എം. റാണി എന്നിവർ പങ്കെടുത്തു.