തിരൂരങ്ങാടി: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാക്കിയില്ലെന്ന പരാതിയിൽ തിരൂരങ്ങാടി നഗരസഭയ്‌ക്കെതിരെ വിവരാവകാശ കമ്മീഷനിൽ നൽകിയ രണ്ടാം അപ്പീലിൽ വിവരാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്തിന് അനുകൂലമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു.
സംസ്ഥാന വിവരാവകാശ കമ്മീഷണർ സണ്ണിച്ചൻ പി. ജോസഫാണ് ഹർജി പരിഗണിച്ച്, അപേക്ഷകനു ആവശ്യപ്പെട്ട വിവരങ്ങൾ സൗജന്യമായി നൽകാൻ നഗരസഭയ്ക്ക് നിർദേശം നൽകിയത്. കൂടാതെ, പള്ളിപ്പടി ഐസ് കമ്പനിയുടെ മുന്നിലൂടെ ഉണ്ടായിരുന്ന തോട് നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ കാലികമാക്കി ആസ്തി രജിസ്റ്ററിന്റെ (Updated Asset Register) പകർപ്പും അപേക്ഷകനു ലഭ്യമാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുമുമ്പ് തോട് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി നൽകാൻ ഉത്തരവ് ഉണ്ടായിരുന്നതാണ്. വിവിധ സർക്കാർ ഉത്തരവുകൾ ഉണ്ടായിട്ടും ആസ്തി രജിസ്റ്റർ കാലികമാക്കുന്നതിൽ തിരൂരങ്ങാടി നഗരസഭ വീഴ്ച വരുത്തിയിരിക്കുകയാണ്.
വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് സമയബന്ധിതമായും പൂർണമായും വിവരങ്ങൾ നൽകേണ്ടത് പൊതുഅധികാരികളുടെ നിയമപരമായ ബാധ്യതയാണെന്ന് കമ്മീഷന്റെ ഉത്തരവ് വീണ്ടും ഓർമ്മിപ്പിക്കുന്നതാണെന്ന് വിവരാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു.
വിവരാവകാശ നിയമത്തിന്റെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന സുപ്രധാന ഉത്തരവാണ് ഇതെന്നും, പൊതുജനങ്ങൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നിയമപ്രകാരം കാലതാമസമില്ലാതെ ലഭ്യമാക്കാൻ എല്ലാ പൊതുസ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്നും വിവരാവകാശ നിയമത്തിൽ പറയുന്ന വിവരം നിഷേധിച്ചവർക്കുo വ്യക്തമല്ലാത്ത വിവരം നൽകിയവർക്കും നിയമത്തിൽ പറഞ്ഞിട്ടുള്ള ഫൈൻ ഈടാക്കുന്നതിൽ വിവരാവകാശകമ്മീഷണർമാർ അനാസ്ഥ കാണിക്കുകയാണെന്നും, വിവരം നിഷേധിച്ചവർക്ക് ഫൈൻ വന്നാലേ സാധാരണക്കാരായ അപേക്ഷകർക്ക് വിവരം നൽകുന്നതിൽ പൊതു സ്ഥാപനങ്ങൾ ശ്രദ്ധിക്കുകയുള്ളൂ എന്നും അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു.