വേങ്ങര: അപകടങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും നേരിടുമ്പോൾ ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം യൂത്ത് വേങ്ങര സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിലെ ദാറുൽ ഹിക്മ മസ്ജിദിൽ ട്രോമാകെയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ട്രോമാകെയർ യൂണിറ്റിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷ, ജീവൻരക്ഷാ നടപടികൾ, പരിക്കേറ്റവരെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതികൾ, അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നിർണായക ഇടപെടലുകൾ എന്നിവ പ്രായോഗിക പരിശീലനത്തോടൊപ്പം അവതരിപ്പിച്ചു.
സമൂഹത്തിൽ സേവനസന്നദ്ധരും ദുരന്ത-അടിയന്തര സാഹചര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിവുള്ള യുവജനശക്തിയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെ സജീവ പങ്കാളിത്തം പരിശീലന ക്യാമ്പിനെ ശ്രദ്ധേയമാക്കി.