പാണക്കാട് ശിഹാബ് തങ്ങളുടെ സ്മാരകമന്ദിരം വൈകാതെ യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മലപ്പുറം: പെരുമാറ്റത്തിൽ സൗമ്യതയും നിലപാടുകളിൽ കാർക്കശ്യവും കാത്തുസൂക്ഷിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള സ്മാരകമന്ദിരം വൈകാതെ യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ 17-ാമത് ഓർമ്മദിനത്തിൽ ശിഹാബ് തങ്ങൾ പഠന ഗവേഷണകേന്ദ്രം മലപ്പുറത്ത് നടത്തിയ ‘ശിഹാബ് തങ്ങളുടെ ദർശനം’ ദേശീയ സെമിനാറിന്റെ സമാപനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവരും ഒന്നിച്ചുപോകണമെന്ന് ആഗ്രഹിച്ച മുഹമ്മദലി ശിഹാബ് തങ്ങൾ, ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ സംയമനത്തോടെയുള്ള നിലപാടെടുക്കുകയും നാടിനെ കാത്തുരക്ഷിക്കുകയും ചെയ്ത വ്യക്തിയാണ്.

മുസ്‌ലിംലീഗ് പ്രവർത്തകരോട് ക്ഷേത്രങ്ങൾക്ക് കാവൽനിൽക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറയ്ക്ക് പഠിക്കാൻ ഉതകുന്ന രീതിയിലാകും സ്മാരകം പ്രവർത്തിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ശിഹാബ് തങ്ങളുടെപേരിൽ സാംസ്കാരികപഠനകേന്ദ്രം അനുവദിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷനായ പാണക്കാട് മുനവ്വറലി തങ്ങൾ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുപിന്നാലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദിയറിയിച്ചു.

മന്ത്രിമാരായ എ.പി. അനിൽകുമാർ, കെ.എം. ഷാജി, വി.ഇ. അബ്ദുൽ ഗഫൂർ, എം.എൽ.എ.മാരായ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, കെ.പി. നൗഷാദ്‌ അലി, പി.എം.എ. സമീർ, കുറുക്കോളി മൊയ്തീൻ, ടി.പി. അഷ്‌റഫലി, അഡ്വ. എം. റഹ്‌മത്തുള്ള തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ സെഷനുകളിലായി വി.എസ്. ജോയ് എം.എൽ.എ., സി.പി. ബാവ ഹാജി, ഷാഫി ചാലിയം, ഡോ. പുത്തൂർ റഹ്‌മാൻ, യു.എ. ലത്തീഫ്, സുഹ്‌റ മമ്പാട്, അഷ്‌റഫ് കോക്കൂർ, കെ.പി. മുഹമ്മദ്കുട്ടി, യു.സി. രാമൻ തുടങ്ങിയവരും പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}