കുറ്റൂർ നോർത്ത്: കാർഷിക സംസ്കൃതിയുടെയും നന്മയുടെയും പാഠങ്ങൾ പകർന്നുനൽകി കുറ്റൂർ നോർത്ത് എം.എച്ച്.എം.എൽ.പി സ്കൂൾ വീണ്ടും നാടിന് മാതൃകയാകുന്നു. കർഷക ദിനത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ നാടിന്റെ ഹീറോയായ കർഷകൻ കുറ്റൂർ നോർത്ത് സ്വദേശി എൻ വേലായുധനെ ആദരിക്കുകയും കാർഷികോപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തു.
മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് രാജു മാഷും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ഉബൈദ് മാഷും ചടങ്ങിൽ സംസാരിച്ചു. കൃഷിയില്ലാതെ നാടിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് ചടങ്ങ് നൽകിയത്. അത്തം പിറന്ന ഈ ഓണക്കാലത്ത്, സമൃദ്ധിയുടെ നാളുകളിൽ കർഷകൻ എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ ഉദ്യമത്തിലൂടെ സാധിച്ചു.
ചടങ്ങിൽ ബിന്ദു ടീച്ചറും ഗീത ടീച്ചറും ചേർന്ന് കർഷകന് കാർഷികോപകരണങ്ങൾ കൈമാറി. ഷിബ, നിഷ, ഷീന തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.