വേങ്ങര: കർഷക ദിനത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും കൃഷി വകുപ്പും സംയുക്തമായി പഞ്ചായത്തിലെ വിവിധ കാർഷിക മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ആദരിച്ചു.
വാർഡുകളിലെ ചെറുകിട കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ കുടുംബങ്ങളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി വേങ്ങര ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നും ഓരോ കൃഷിക്കൂട്ട ലീഡറെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് ഫാത്തിമ ജലീലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത കൃഷിക്കൂട്ട ലീഡർമാർക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. കെ. അസ്ലു ഔദ്യോഗിക ബാഡ്ജ് അണിയിച്ചു.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് പരിധിയിലെ ബ്ലോക്ക് ഡിവിഷൻ മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.