ഊരകം: സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം വിളിച്ചോതി നബിദിന റാലിക്ക് പാറക്കണ്ണിയിൽ ഊഷ്മള സ്വീകരണം. ബയാനുൽ ഈമാൻ മദ്രസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന റാലിക്കാണ് ഊരകം പാറക്കണ്ണി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.
റാലിയുടെ ഭാഗമായി എത്തിയവർക്ക് ക്ഷേത്ര കമ്മിറ്റിയുടെ വകയായി മധുരപാനിയവും ലഘുഭക്ഷണവും നൽകി. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹവും മൈത്രിയും ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ സൗഹൃദ സംരംഭം.
ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ കല്ലിങ്ങൽ തൊടി ഗിരീഷ് ബാബു, മെമ്പർമാരായ ബിജി പൂഴിത്തൊടി, സുനിത കെ.പി എന്നിവർ നേതൃത്വം നൽകി. ബയാനുൽ ഈമാൻ മദ്രസ സദർ മുഅല്ലിം ഹാരിസ് ഫൈസി, ഇ.കെ. ഹനീഫ, സലാം പള്ളിയാളി, മുൻകാല വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.