കൊളപ്പുറം: ദേശീയപാതാ വികസനം യാത്രക്കാർക്ക് ആവശ്യമായ കാര്യമാണ്. എന്നാൽ കൊളപ്പുറത്ത് അത്ര പന്തിയല്ല കാര്യങ്ങൾ. ദേശീയപാതാ വികസനത്തിൽ തുടക്കംമുതലേ കൊളപ്പുറം കവലയെ പരിഗണിച്ചില്ലെന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും പോകാനുള്ള അരീക്കോട്-പരപ്പനങ്ങാടി പാതയെ പാടെ അവഗണിച്ചായിരുന്നു ദേശീയപാതയുടെ പുനർനിർമാണം.
ദേശീയപാത പണി കഴിഞ്ഞ് തുറന്നുകൊടുത്താൽ പ്രശ്‌നമുണ്ടാവില്ലെന്നതായിരുന്നു അന്ന് അധികൃതരുടെ മറുപടി. എന്നാലിന്നും കൊളപ്പുറം കവലയിൽ കുരുക്കും അപകടവും പതിവാണ്.
അതിനുപുറമേയാണ് സാധാരണക്കാരായ പാതക്കിരുവശവുമുള്ള കവലകളിലെ വീട്ടുകാരുടെയും ഗ്രാമീണരായ കച്ചവടക്കാരുടെയും ഈ കവലകളിലെത്തുന്ന യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും പരാതി.
വെള്ളക്കെട്ടൊഴിവാക്കാൻ അഴുക്കുചാൽ നിർമിക്കണം
ദേശീയപാതയുടെ സർവീസ് റോഡ് നിർമിച്ചതുമുതൽ തുടങ്ങിയതാണ് കൊളപ്പുറം അങ്ങാടിയിലെ വെള്ളക്കെട്ട്. വെള്ളമൊഴിഞ്ഞുപോവാൻ സംവിധാനമൊരുക്കാതെ സർവീസ് റോഡ് മണ്ണിട്ട് ഉയർത്തിയതാണ് പ്രശ്‌നത്തിനു കാരണം. ഇതോടെ കൊളപ്പുറം അങ്ങാടിയിലൂടെ കടന്നുപോകുന്ന പഴയ ദേശീയപാതയിൽനിന്ന് അങ്ങാടിക്ക് മുകൾഭാഗത്തുള്ള മഴവെള്ളം ഒഴിഞ്ഞുപോകാതായി. അടിഭാഗത്ത് ടാറിട്ടതിനാൽ മഴവെള്ളം ഭൂമിക്കടിയിലേക്ക് താഴാതേയുമായി. ഒരു ചെറിയ ഒരു മഴ പെയ്താൽപോലും രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാകാൻ ചുരുങ്ങിയത് ഒരാഴ്ചയിലധികമെടുക്കും. ഇത് കൊതുകുജന്യ ആരോഗ്യപ്രശ്‌നത്തിനും വഴിവെക്കുന്നു. ഈ ഭാഗത്ത് സ്ഥിരമായി രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ അഴുക്കുചാൽ നിർമിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം
നടപ്പാതയുടെ പണി പൂർത്തിയാക്കണം
തിരക്കേറിയ കൊളപ്പുറം അങ്ങാടിയെ ആശ്രയിക്കുന്ന സാധാരണക്കാർ നിരവധിയാണ്. പുതുതായി നിർമിച്ച ദേശീയപാതക്കിരുവശവുമുള്ളവരാണിവർ. ഇവർക്ക് ഇരുവശത്തേക്കും യാത്രചെയ്യാൻ വീതി കുറഞ്ഞ സർവീസ് റോഡാണുള്ളത്. അങ്ങാടിയിൽനിന്ന് അവശ്യവസ്തുക്കൾ വാങ്ങാനായി വരുന്നവർ മാത്രമല്ല ബാങ്ക്, സ്‌കൂൾ തുടങ്ങിയ സ്ഥലങ്ങളിലേക്കും നടന്നെത്തേണ്ടതുണ്ട്. കൊളപ്പുറം അങ്ങാടിയിൽ വാഹനമിറങ്ങിയാൽപോലും ഇതിനൊക്കെയായി നടക്കേണ്ട അവസ്ഥയാണ്. എന്നാൽ ഇവിടങ്ങളിൽ സർവീസ് റോഡരികിൽ നിർമിച്ച നടപ്പാതയ്ക്ക് വീതിയില്ലെന്നുമാത്രമല്ല പലയിടങ്ങളിലും ഇതിന്റെ പണി പൂർത്തിയായിട്ടുമില്ല. നിർമിച്ചിടങ്ങളിൽതന്നെ പലയിടത്തും ഇത് നിരപ്പായല്ല നിർമിച്ചതെന്നും നാട്ടുകാർ പരാതി പറയുന്നു.
റൗണ്ട് എബൗട്ട് സ്ഥാപിക്കണം
:കൊളപ്പുറത്ത് ദേശീയപാത പുനർനിർമാണത്തിന്റെ തുടക്കത്തിൽ പാത നിർമിക്കുന്നതിനു മുമ്പായി നിർമിച്ച വലിയ വീതിയേറിയ പാലത്തിലും അതിനോട് ചേർന്നുള്ള സർവീസ് റോഡുകളിലും പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാനപാതയിലും ഇതുവരെ ഒരു ഗതാഗതനിയന്ത്രണവും ഒരുക്കിയിട്ടില്ല. വാഹനങ്ങൾ എങ്ങനെ ഏത് വശംചേർന്ന് പോകണം തുടങ്ങിയ നിർദ്ദേശങ്ങളടങ്ങിയ ഒരു സൂചനാബോർഡുപോലുമിവിടെയില്ല. വാഹനങ്ങളൊക്കെ തോന്നിയപോലെയാണ് പോക്ക്. കോഴിക്കോട് വിമാനത്താവളത്തിലേക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽനിന്ന് അതിരാവിലെ വരുന്നവരും തിരിച്ചുപോകുന്നവരുമായ യാത്രക്കാരാണ് ഇതിലേറെ ബുദ്ധിമുട്ടുന്നത്. പഴയ ദേശീയപാതയിലൂടെ വരുന്ന ദീർഘദൂരബസുകളുൾപ്പെടെയുള്ള വാഹനങ്ങളും അരീക്കോട്-പരപ്പനങ്ങാടി സംസ്ഥാനപാതയും സംഗമിക്കുന്ന കൊളപ്പുറം
കവലയിൽ അപകടങ്ങൾ പതിവാണ്. ഇതിനായി ഹമ്പുകളും റൗണ്ട് എബൗട്ടും സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.