വേങ്ങര ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം; മണ്ഡലം ലീഗ് കമ്മറ്റി യോഗത്തിൽ വാക്കേറ്റം

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പിനെ ചൊല്ലി ഇന്നലെ നടന്ന മണ്ഡലം ലീഗ് കമ്മിറ്റി യോഗത്തില്‍ ശക്തമായ വാക്കേറ്റവും ബഹളവും.
മണ്ഡലം, ജില്ലാ കമ്മറ്റികൾ അറിയാതെ പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവി അബൂ ത്യാഹിറിനെ ബ്ലോക്ക് പ്രസിഡൻ്റാക്കാൻ മൻസൂർ കോയ തങ്ങളെ രാജിവെപ്പിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണ് വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ചേര്‍ന്നത്.  

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റും മണ്ഡലം നിരീക്ഷകനുമായ എം കെ ബാവയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. നേരത്തെ പുതിയ ബ്ലോക്ക് പ്രസിഡൻ്റായി മണ്ഡലം സെകട്ടറി കൂടിയായ ഇ കെ സുബൈറിനെ നിയമിക്കണമെന്ന് മണ്ഡലം കമ്മിറ്റിയും ആറ് പഞ്ചായത്ത് കമ്മറ്റികളും ജില്ലാ കമ്മറ്റിയെയും സംസ്ഥാന പ്രസിഡൻ്റ് സാദിഖലി തങ്ങളെയും നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വം പ്രത്യേകം താൽപര്യമെടുത്ത് കത്ത് തയ്യാറാക്കി അബൂ താഹിറിനെ പ്രസിഡൻ്റാക്കാൻ എം കെ ബാവയെ ചുമതലപ്പെടുത്തി മണ്ഡലം കമ്മറ്റിയിൽ അറിയിക്കാൻ നിയോഗിക്കുകയായിരുന്നുവെന്നാണ് വിവരം.  നിലവിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ  പി കെ അബൂത്വാഹിറിനെ പ്രസിഡൻ്റായി നിയമിക്കാനുള്ള തീരുമാനം എം കെ ബാവ വായിച്ചതോടെ അംഗങ്ങൾ ഒറ്റക്കെട്ടായി ബഹളം തുടങ്ങി. 

തുടർന്ന് കണ്ണമംഗലം പഞ്ചായത്തംഗം നെടുമ്പള്ളി സൈദ് ഇ കെ സുബൈറിനെ  പ്രസിഡൻ്റാക്കണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. സാധാരണ ജില്ലാ കമ്മറ്റി നൽകുന്ന വിപ്പ് ഇവിടെ സംസ്ഥാന സെകട്ടറിയുടെ പേരിലാണ് തയ്യാറാക്കിയത്. ഈ അസാധാരണ സാഹചര്യത്തെയും അംഗങ്ങൾ ചോദ്യം ചെയ്തു. ഇതോടെ ബഹളം രൂക്ഷമായി.

നേതൃത്വത്തിൻ്റെ അന്യായ നീക്കത്തിൽ പ്രതിഷേധിച്ച്  മണ്ഡലം കമ്മറ്റി രാജി വെക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങൾ ബഹളം വെച്ചു. യോഗത്തിൻ്റെ വികാരം നേതൃത്വത്തെ അറിയിക്കാമെന്ന് ജില്ലാ ഭാരവാഹി ഉറപ്പ് നൽകിയെങ്കിലും നന്ദി പറയാൻ സമ്മതിക്കാതെ അംഗങ്ങൾ ഇറങ്ങി പോകുകയായിരുന്നു. മണ്ഡലം കമ്മറ്റി ആവശ്യപ്പെടാത്തയാളെ പ്രസിഡൻ്റാക്കാനും ആവശ്യപ്പെട്ടയാളെ തഴയാനുമുള്ള നീക്കം നേതൃത്വം തിരുത്തിയില്ലെങ്കിൽ വിപ്പ് ലംഘിച്ച് മൽസരിപ്പിക്കാനുള്ള നീക്കവുമുണ്ട്.
ആഗസ്ത് 22 ന് ശനിയാഴ്ച രാവിലെ  11 മണിക്കാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കുക.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}