വേങ്ങര: മഴക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനവുമായി വേങ്ങര ജി.സി.സി ചാറ്റ് ഗ്രൂപ്പ്. ഓഗസ്റ്റ് മാസത്തിലുണ്ടായ അപ്രതീക്ഷിത മഴക്കെടുടിയെ തുടർന്ന്, മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ് നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുഴുവൻ ചെലവുകളും വഹിച്ചാണ് ഈ പ്രവാസി കൂട്ടായ്മ മാതൃകയായത്.
ഓഗസ്റ്റ് 1 മുതൽ 14 വരെയുള്ള കാലയളവിലെ പ്രവർത്തന ചെലവുകളാണ് വേങ്ങര ജി.സി.സി ചാറ്റ് ഗ്രൂപ്പ് ഏറ്റെടുത്തത്. വേങ്ങരയിലെ പ്രവാസികളുടെ കൂട്ടായ്മയായ ഈ വാട്സ്ആപ്പ് ഗ്രൂപ്പ്, നാടൊരു പ്രതിസന്ധി നേരിടുമ്പോൾ എപ്പോഴും സജീവമായ പിന്തുണയുമായി രംഗത്തുണ്ടാകാറുണ്ട്.
തുക കൈമാറുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിൻ റഷീദിന്റെ വസതിയിൽ ലളിതമായ ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് ട്രോമാ കെയർ പ്രവർത്തകർക്ക് ആവശ്യമായ ഫണ്ട് ഔദ്യോഗികമായി കൈമാറി. പ്രവാസികളുടെ ഈ അകമഴിഞ്ഞ പിന്തുണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജമാണ് പകരുന്നതെന്ന് ട്രോമാ കെയർ പ്രവർത്തകർ വ്യക്തമാക്കി.