പരപ്പനങ്ങാടി: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് പരപ്പനങ്ങാടി നഗരസഭയിലെ വിവിധ തോടുകളും ഓടകളും മാലിന്യവും ചെളിയും നിറഞ്ഞ് മലിനമായി കിടക്കുന്നു. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതിനൊപ്പം കൊതുക് ഉൾപ്പെടെയുള്ള രോഗവാഹകരുടെ പെരുകലിനും ഇത് കാരണമാകുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
മഴക്കാലത്തിന് മുന്നോടിയായി നഗരസഭ പരിധിയിലെ ജലനിർഗമന മാർഗങ്ങളും തോടുകളും ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കേണ്ടതായിരുന്നു. എന്നാൽ പല പ്രദേശങ്ങളിലും ഇതിനായുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പ്രധാന ആരോപണം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്.
മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾക്ക് മുൻപ് പുരസ്കാരങ്ങൾ നേടിയിട്ടുള്ള പരപ്പനങ്ങാടി നഗരസഭയിൽ ഇത്തരം അടിസ്ഥാന ശുചിത്വ വീഴ്ചകൾ ആവർത്തിക്കുന്നത് ഗൗരവത്തോടെ കാണണമെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. നഗരസഭ പരിധിയിലെ മുഴുവൻ തോടുകളും ഓടകളും അടിയന്തരമായി പരിശോധിച്ച് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യണമെന്നും, നീരൊഴുക്ക് സുഗമമാക്കി രോഗവ്യാപന സാധ്യത ഒഴിവാക്കണമെന്നുമാണ് പ്രധാന ആവശ്യം.
ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ, ടി. അബ്ദുറഹീം എന്നിവർ പരപ്പനങ്ങാടി നഗരസഭയ്ക്ക് പരാതി നൽകി. പൊതുജനാരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.