തിരുവനന്തപുരം: അർജൻറീനാ ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലുണ്ടായ സംഭവങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിൻ്റെ റിപ്പോർട്ടിൽ പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്യും. എങ്കിലേ മറ്റു വകുപ്പുകളിലെ രേഖകൾ പോലീസിന് ആവശ്യപ്പെടാനാകൂ. കേസ് പിന്നീട് വിജിലൻസിന് കൈമാറിയേക്കും. പൊതുമുതൽ ദുരുപയോഗം ചെയ്തതിലും സ്വകാര്യകമ്പനിക്ക് സാമ്പത്തികലാഭമുണ്ടാക്കാൻ അനധികൃത ഇടപാടുകൾ നടത്തിയതിലും വിജിലൻസ് അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.
വിജിലൻസ് അന്വേഷണത്തിനുശേഷമേ മറ്റ് ഏജൻസികളുടെ പരിശോധനയുണ്ടാകൂ. അന്താരാഷ്ട്ര ഇടപാടുകൾ ആയതിനാൽ കേന്ദ്ര ഏജൻസികളുടെയും അന്വേഷണം വരും. വിദേശ നാണയ വിനിമയച്ചട്ടത്തിലെ ക്രമക്കേട്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ ഇ.ഡി. അന്വേഷണത്തിനാണ് സാധ്യത. സ്പോൺസർമാരുടെ മൂലധനത്തിന്റെ ഉറവിടം, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചും അന്വേഷണമുണ്ടാകും. സംസ്ഥാന ധനവകുപ്പും അന്വേഷിക്കും. ജി.എസ്.ടി. വെട്ടിപ്പ് നടന്നുവെന്നതിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിക്കെതിരേ കാഞ്ഞങ്ങാട് ജി.എസ്.ടി. ഓഫീസിൽ കേസുണ്ട്.
പോലീസ് മുന്നറിയിപ്പുനൽകി
അർജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്താൻ സാധ്യതയില്ലെന്നും ഇടപാടുകൾ ദുരൂഹമാണെന്നും പോലീസ് അന്നത്തെ സർക്കാരിന് മുന്നറിയിപ്പു നൽകിയിരുന്നു. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിന്റെയും രണ്ടു സഹോദരൻമാരുടെയും പേരിൽ ക്രിമിനൽ കേസുകളുണ്ടെന്നും അറിയിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് സർക്കാർ മുന്നോട്ടുപോയതെന്നാണ് കായികവകുപ്പ് സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ മാധ്യമചർച്ചയ്ക്കു കാരണമാകുമെന്നും പ്രതിപക്ഷത്തിന് ആയുധംനൽകുന്ന നടപടിയാകുമെന്നുമുള്ള അന്നത്തെ ആഭ്യന്തരസെക്രട്ടറിയുടെ അഭിപ്രായവും എൽ.ഡി.എഫ്. സർക്കാർ തള്ളിക്കളഞ്ഞു.
ഫിഫയുടെ അനുമതി കിട്ടുന്നതിനുമുൻപ് മെസ്സി എത്തുമെന്ന് പ്രചാരണം നടത്തിയത് സ്വകാര്യചാനലിന്റെ പ്രമോഷനുവേണ്ടിയാണെന്നും പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നു. സ്പോൺസർ ഫണ്ട് കണ്ടെത്തുന്നതിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടെന്നും ആൻ്റോ അഗസ്റ്റിനെതിരേ അന്വേഷണമുണ്ടായാൽ സർക്കാരിനെതിരേയുള്ള നടപടിയായി വിലയിരുത്തപ്പെടുമെന്നും പോലീസ് അറിയിച്ചിരുന്നു.
ടീം വന്നില്ലെങ്കിൽ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അറിയിച്ചു.