പഴയവ പടിയിറങ്ങുന്നു, പുത്തൻ 108 ആംബുലൻസുകൾ ഉടൻ നിരത്തിലേക്ക്; രജിസ്‌ട്രേഷന്‍ നടപടികള്‍ അന്തിമഘട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായെത്തിയ 108 ആംബുലന്‍സുകളുടെ പ്രീ-ഡെലിവറി പരിശോധന അന്തിമഘട്ടത്തില്‍. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ ആംബുലന്‍സുകള്‍ ഉടന്‍ നിരത്തിലിറങ്ങും. 

പുതിയ വാഹനങ്ങള്‍ സര്‍വീസില്‍ എത്തുന്നതോടെ പഴയ 108 ആംബുലന്‍സുകള്‍ നിരത്തുകളില്‍ നിന്ന് ഘട്ടംഘട്ടമായി പിന്‍വലിക്കും. പുതിയ ടെന്‍ഡര്‍ പ്രകാരം 335 ആംബുലന്‍സുകളാണ് 108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന ത്തുടനീളം വിന്യസിക്കുക. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ഘട്ടം ഘട്ടമായാണ് ആംബുലന്‍സുകള്‍ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. നിലവിലെ 108 ആംബുലന്‍സുകള്‍ ആറുവര്‍ഷം മുന്‍പാണ് പദ്ധതിയുടെ ഭാഗമായത്.

നിലവില്‍ ഐരാണിമുട്ടം ഹോമിയോ ഫാര്‍മസി ഗ്രൗണ്ടിലും പുലയനാര്‍കോട്ട ആശുപത്രി പരിസരത്തുമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇവയില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതും സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നതുമായ നടപടികള്‍ പുരോഗമിക്കുകയാണ്. വാഹനങ്ങളുടെ രണ്ടാംഘട്ട പ്രീ-ഡെലിവറി പരിശോധനകളും വാഹന നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് നടന്നുവരികയാണ്. പ്രീ-ഡെലിവറി പരിശോധനയും അത്യാവശ്യ ജീവന്‍രക്ഷ ഉപകരണങ്ങളുടെ ക്രമീകരണവും പൂര്‍ത്തിയാകുന്ന മുറക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വാഹനങ്ങള്‍ സര്‍വീസിലിറക്കും.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ ഹൈദരാബാദ് ആസ്ഥാനമായ ഇഎംആര്‍ഐ ഗ്രീന്‍ഹെല്‍ത്ത് സര്‍വീസസ് വിന്യസിക്കുന്ന 335 ആംബുലന്‍സുകളില്‍ 315 ബേസിക് ലൈഫ് സപ്പോര്‍ട്ട്, വെന്റിലേറ്റര്‍ സൗകര്യമുള്ള 14 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട്, നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള ആറ് നിയോനറ്റല്‍ ആംബുലന്‍സുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത്തരം സംവിധാനങ്ങളുള്ള ആംബുലന്‍സുകള്‍ ആദ്യമായാണ് കേരളത്തില്‍ 108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി നിരത്തിലിറക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}