മലപ്പുറത്ത് ചൂട് കടുക്കുന്നു; മഴക്കുറവ് 23 ശതമാനം; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

മലപ്പുറം: സംസ്ഥാനത്തുടനീളം താപനില ഉയരുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ മലപ്പുറം ജില്ലയിലും ചൂട് കടുക്കുന്നു. മൺസൂണിൽ മഴ മാറിനിൽക്കുകയും താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർദ്ധിച്ചതോടെ താപനിലയേക്കാൾ കഠിനമായ ചൂടാണ് ജില്ലയിലുടനീളം അനുഭവപ്പെടുന്നത്. ജില്ലയിൽ രേഖപ്പെടുത്തിയ ശരാശരി താപനില 31 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയാണെങ്കിലും, ഉയർന്ന ഈർപ്പം കാരണമാണ് ഇതിനേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

കാലവർഷത്തിലുണ്ടായ വലിയ കുറവും ജില്ലയിൽ അന്തരീക്ഷ ചൂട് ഉയരാൻ ഇടയാക്കിയിട്ടുണ്ട്. ജൂൺ മുതൽ ഇതുവരെ ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന 1774.4 മില്ലീമീറ്റർ മഴയ്ക്ക് പകരം 1370.7 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 23 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ചൂട് കനക്കുന്ന സാഹചര്യത്തിൽ നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}