ഹജ്ജ് കമ്മിറ്റി മുഖേന വരുന്ന ഹജ്ജ് തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള വിമാനക്കമ്പനികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. കേരളത്തിലെ മൂന്ന് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇത്തവണയും ഏറ്റവും ഉയർന്ന യാത്രാനിരക്കുള്ളത്. എങ്കിലും മുൻവർഷങ്ങളിലെ ഭീമമായ തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കരിപ്പൂരിൽ കാര്യമായ നിരക്കുവർധനയില്ലെന്നത് തീർഥാടകർക്ക് വലിയ ആശ്വാസമാകുന്നു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച നിരക്കനുസരിച്ച് രാജ്യത്തെ 19 വിമാനത്താവളങ്ങളിൽ നിന്നായി 1.23 ലക്ഷം തീർഥാടകരാണ് യാത്രതിരിക്കുന്നത്. കേരളത്തിലെ സർവീസുകൾക്കായി രണ്ട് പ്രമുഖ വിമാനക്കമ്പനികളെയാണ് കരാറിലേൽപ്പിച്ചിരിക്കുന്നത്.
കരിപ്പൂർ , കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസും കണ്ണൂരിൽ നിന്ന് ഫ്ലൈ അദീൽ വിമാനക്കമ്പനിയും സർവീസ് നടത്തും. കഴിഞ്ഞവർഷം ആകാശ എയർ (കോഴിക്കോട്), ഫ്ലൈ നാസ് (കൊച്ചി), ഫ്ലൈ അദീൽ (കണ്ണൂർ) എന്നിവരായിരുന്നു സർവീസ് നടത്തിയിരുന്നത്.
കേരളത്തിലെ വിമാനത്താവളങ്ങളിലെ നിരക്കുകൾ:
കൊച്ചി: ഒരു തീർഥാടകന് 930 ഡോളർ (ഏകദേശം 88,350 രൂപ).
കണ്ണൂർ: ഒരു തീർഥാടകന് 969 ഡോളർ (ഏകദേശം 92,055 രൂപ). കോഴിക്കോട്: ഒരു തീർഥാടകന് 1010 ഡോളർ (ഏകദേശം 95,950 രൂപ). ഒരു ഡോളറിന് 95 രൂപ കണക്കാക്കിയാണ് തുക നിശ്ചയിച്ചിരിക്കുന്നത്. വിമാന ടിക്കറ്റ് തുക ഡോളർ അടിസ്ഥാനത്തിൽ ആയതിനാൽ രൂപയുടെ മൂല്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് അന്തിമ തുകയിൽ ചെറിയ വ്യത്യാസങ്ങൾ വരാൻ സാധ്യതയുണ്ട്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ആശ്വാസകരം മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂർ ഇത്തവണയും ഉയർന്ന തുകയാണെങ്കിലുംമുൻവർഷങ്ങളിലെ വലിയ നിരക്കുവ്യത്യാസവുമായി നോക്കുമ്പോൾ ഇത് വളരെ കുറവാണ്.
കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോൾ 80 ഡോളറിന്റെയും (ഏകദേശം 7,600 രൂപ), കണ്ണൂരുമായി നോക്കുമ്പോൾ 39 ഡോളറിന്റെയും (ഏകദേശം 3,700 രൂപ) വർധന മാത്രമാണ് കരിപ്പൂരിലുള്ളത്.
കഴിഞ്ഞ ഹജ്ജ് തീർഥാടന സമയത്ത് കൊച്ചിയേക്കാൾ ഏകദേശം 20,000 രൂപ അധികമായിരുന്നു കരിപ്പൂരിലെ നിരക്ക്. 2025-ൽ ഇത് 40,000 രൂപയോളം ഉയർന്നിരുന്നു. അന്ന് കൊച്ചിയിൽ 989 ഡോളറും കണ്ണൂരിൽ 1012 ഡോളറും ആയിരുന്നപ്പോൾ കോഴിക്കോട്ട് 1210 ഡോളറായിരുന്നു ഈടാക്കിയിരുന്നത്. അതിനാൽ ഇത്തവണത്തെ തുക തീർഥാടകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.