നിങ്ങളുടെ ഡ്രൈവിങ് ലൈസൻസും മൊബൈൽ നമ്പറും ലിങ്ക് ചെയ്തിട്ടില്ലേ?.. എങ്കിൽ ഇനി ഒട്ടും സമയം കളയേണ്ട, ഉടൻ ലിങ്ക് ചെയ്തോളൂ. ഓഫീസുകൾ കയറിയിറങ്ങാതെയും ഏജന്റുമാർക്ക് അധിക തുക നൽകാതെയും നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസുമായി മൊബൈൽ നമ്പർ സെപ്റ്റംബർ 25 വരെ ബന്ധിപ്പിക്കാം. ഡിജിറ്റൽ ഗതാഗത സേവനങ്ങളും, ഇ-ചെല്ലാൻ അലർട്ടുകളും തടസമില്ലാതെ ലഭിക്കാൻ പ്രവാസികൾ ഉൾപ്പെടെയുള്ള മുഴുവൻ മലയാളി ലൈസൻസ് ഉടമകളും ഈ ഓൺലൈൻ നടപടിക്രമം ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്.
ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റൽ സേവനങ്ങളുമായി പൂർണ്ണമായി ഘടിപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈൽ നമ്പർ പുതുക്കേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും, കേരള മോട്ടോർ വാഹന വകുപ്പിന്റെയുംനിർദ്ദേശപ്രകാരം എല്ലാ ലൈസൻസ് ഉടമകൾക്കും നിർബന്ധമാണ്.
നമ്പർ ലിങ്ക് ചെയ്യാനായി അക്ഷയ കേന്ദ്രത്തിൽ പോകണമെന്ന് നിർബന്ധമില്ല, വീട്ടിലിരുന്നുകൊണ്ട് സ്വയം ചെയ്യാവുന്നതാണ്.
ചെയ്യേണ്ടത് ഇത്രമാത്രം
sarathi.parivahan.gov.in ഔദ്യോഗിക വെബ്സൈറ്റ് തുറന്ന് സംസ്ഥാനം 'Kerala' തിരഞ്ഞെടുക്കുക.
'Others' മെനുവിൽ നിന്ന് 'Update Mobile Number' എന്നത് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ലൈസൻസ് തരം (Driving License), ലൈസൻസ് നമ്പർ, ജനനത്തീയതി, ആധാർ നമ്പർ എന്നിവ നൽകുക.
നൽകിയ വിവരങ്ങൾ ശരിയാണെങ്കിൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന OTP ടൈപ്പ് ചെയ്യുക.
വിവരങ്ങൾ സ്ഥിരീകരിച്ച് സബ്മിറ്റ് ചെയ്യുന്നതോടെ മൊബൈൽ നമ്പർ ലൈസൻസുമായി ലിങ്ക് ആകും.
അതേസമയം മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് നിങ്ങൾ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന, നിങ്ങളുടെ ഒഫിഷ്യൽ മൊബൈൽനമ്പറാണ് ബന്ധിപ്പിക്കേണ്ടത്. ലൈസൻസിലെ പേരും ജനനത്തീയതിയും ആധാർ രേഖകളുമായി ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കുക.