വേങ്ങരയിൽ മേൽപ്പാലം മാത്രം പോരാ; അടുത്ത 50 വർഷത്തെ മാസ്റ്റർ പ്ലാൻ വേണം: മന്ത്രിക്ക് വ്യാപാരികളുടെ നിവേദനം

വേങ്ങര: താൽക്കാലിക പരിഹാരങ്ങളിൽ ഒതുങ്ങാതെ, വരും തലമുറകളെക്കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള ദീർഘവീക്ഷണമുള്ള മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ വേങ്ങരയുടെ ഗതാഗത വികസനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് നേതാക്കൾ നിവേദനം സമർപ്പിച്ചു. മന്ത്രി കെ. എം. ഷാജിക്കാണ് നിവേദനം കൈമാറിയത്.

ബദരിയ്യാ പള്ളി മുതൽ അമ്മാഞ്ചേരി കാവ് വരെ നിർദ്ദേശിച്ചിരിക്കുന്ന മേൽപ്പാലം സംബന്ധിച്ച ആസൂത്രണത്തിൽ ടൗണിലേക്കുള്ള പ്രാദേശിക ഗതാഗതവും വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വാഹന പ്രവേശനവും പരിഗണിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. നിർമാണ വേളയിലുള്ള ഗതാഗത നിയന്ത്രണങ്ങളും പ്രയാസങ്ങളും വ്യാപാരികൾ, ജീവനക്കാർ, തൊഴിലാളികൾ എന്നിവരെ ബാധിക്കുമെന്ന ആശങ്കയും നിവേദനത്തിൽ പങ്കുവെച്ചു.

പ്രധാന നിർദേശങ്ങൾ:

സമഗ്ര ബദൽ സംവിധാനങ്ങൾ: പ്രധാന റോഡിലെ ഗതാഗതക്കുരുക്കിന് മാത്രം പരിഹാരം കാണാതെ ടൗണിന്റെ സമഗ്ര വികസനം ലക്ഷ്യമിടുക.

ബൈപ്പാസുകളും ലിങ്ക് റോഡുകളും: പ്രധാന റോഡിന് സമാന്തരമായി വടക്ക്-തെക്ക് ഭാഗങ്ങളിൽ ബൈപ്പാസ് പാതകളും ലിങ്ക് റോഡ് ശൃംഖലയും വികസിപ്പിക്കുക.
 
കടലുണ്ടിപ്പുഴയോര ബൈപ്പാസ്: കാരാത്തോട് മുതൽ ഊരകം, വേങ്ങര, പറപ്പൂർ പഞ്ചായത്തുകളിലൂടെ കടന്നുപോയി കൂരിയാട് ഹൈവേയിൽ എത്തുന്ന ബൈപ്പാസ് ആശയം നടപ്പാക്കുക.
 
അടുത്ത 50 വർഷത്തെ കാഴ്ചപ്പാട്: താൽക്കാലിക പ്രശ്‌നപരിഹാരത്തിനപ്പുറം അടുത്ത 50 വർഷം മുന്നിൽ കണ്ടുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കുക.

യൂണിറ്റ് പ്രസിഡന്റ് എം. കെ. സൈനുദ്ദീൻ ഹാജി, ജനറൽ സെക്രട്ടറി ശിവശങ്കരൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കൂടിയായ എം.എൽ.എയ്ക്ക് നിവേദനം നൽകിയത്. വിഷയത്തിൽ ആവശ്യമായ പരിശോധന നടത്തി ശാസ്ത്രീയമായ പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}