മലപ്പുറം: ജില്ലാ ആസ്ഥാനത്തു നിന്നും ഇനി ബാംഗ്ലൂരിലേക്ക് പോകാൻ സ്വകാര്യ ബസുകളെ ആശ്രയിക്കണ്ട. ജില്ലയിലെ ആദ്യ ഡീലക്സ് സർവീസായി ഞായറാഴ്ച മുതൽ ബാംഗ്ലൂരിലേക്ക് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിക്കും. ഇതിനു പുറമെ നെടുമ്പാശ്ശേരിയിലേക്ക് എ സി ബസ് സർവീസ് ഉൾപ്പെടെ എട്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും.
വൈകുന്നേരം 4.30 ന് മലപ്പുറം ഡിപ്പോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വ്യവസായ - ഐ. ടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും. ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ ജബ്ബാർ ഹാജി അധ്യക്ഷത വഹിക്കും. ഇ. ടി. മുഹമ്മദ് ബഷീർ എം. പി വിശിഷ്ടാതിഥിയായി പങ്കെടുക്കും. വിവിധ ജനപ്രതിനിധികൾ, കെ. എസ്, ആർ, ടി, സി ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും.