ഊരകം: കുറ്റാളൂർ ശ്രീ മഹാവിഷ്ണു, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി നടന്നു. ആഘോഷങ്ങളുടെ ഭാഗമായി തന്ത്രി കൂട്ടല്ലൂർ സുധീപ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാൽ പൂജകളും ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് കുറ്റാളൂർ ആനന്ദരൂപ നാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നാരായണീയ പാരായണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും നടന്നു. വൈകുന്നേരം ഊരകം പാറക്കണ്ണി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. നിശ്ചലദൃശ്യങ്ങളും ഉണ്ണികണ്ണന്മാരുടെ വേഷവിധാനങ്ങളും വർണ്ണാഭമായ വാദ്യമേളങ്ങളും അകമ്പടിയേകിയ ഘോഷയാത്ര കുറ്റാളൂർ മഹാവിഷ്ണുക്ഷേത്രത്തിൽ സമാപിച്ചു.
വിവിധ ചടങ്ങുകളിലായി അഞ്ഞൂറിലധികം ഭക്തജനങ്ങൾ പങ്കെടുത്തതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.