കണ്ണമംഗലം: വേങ്ങര നിയോജകമണ്ഡലത്തിലെ കണ്ണമംഗലം - ഊരകം പഞ്ചായത്ത് അതിർത്തിയിലൂടെ കടന്നുപോകുന്ന മിനി കാപ്പിൽ - കിളിനക്കോട് റോഡ് നവീകരണത്തിലെ അശാസ്ത്രീയതയും കടുത്ത യാത്രാദുരിതവും ചൂണ്ടിക്കാട്ടി എസ്.ഡി.പി.ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തു. പഞ്ചായത്ത് കമ്മിറ്റിയുടെ പരാതി പരിശോധിച്ച ശേഷമാണ് കമ്മീഷന്റെ ഈ നടപടി.
4 കോടി രൂപ ചെലവഴിച്ചുള്ള ബി.എം. ആന്റ് ബി.സി. പദ്ധതിയുടെ അടിസ്ഥാനത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ (പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ്) ധൃതിപിടിച്ച് സാമാന്യം ഭേദപ്പെട്ട റോഡ് ജെ.സി.ബി. ഉപയോഗിച്ച് വെട്ടിപ്പൊളിച്ചിട്ടിരുന്നു.
പ്രദേശവാസികളെ ദുരിതത്തിലേക്ക് തള്ളിവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികൾ ഒന്നുമുണ്ടായില്ല. ഇതുസംബന്ധിച്ച് എസ്.ഡി.പി.ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി ഉത്തരവാദപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും റോഡ് പുനർനിർമാണത്തിൽ അനാസ്ഥ തുടരുകയാണുണ്ടായത്. റോഡിലെ പൊടിശല്യം മൂലം കുട്ടികൾക്കടക്കം അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും അടക്കമുള്ള ഉന്നതാധികാരികൾക്ക് പാർട്ടി പരാതി നൽകിയത്.
തുടർന്ന് എസ്.ഡി.പി.ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ പരാതി, മലപ്പുറം എൽ.എസ്.ജി.ഡി (LSGD) ജില്ലാ ജോയിന്റ് ഡയറക്ടർ തുടർനടപടികൾക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കൈമാറിയിട്ടുണ്ട്.