പരപ്പനങ്ങാടി: പാലത്തിങ്ങൽ പഴയ പാലത്തിന്റെ ഭാഗത്ത്, പാലത്തിങ്ങൽ മസ്ജിദിന് സമീപം 20-ാം വാർഡിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങളും മറ്റ് നിർമ്മാണ മാലിന്യങ്ങളും അനധികൃതമായി തള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത് പരപ്പനങ്ങാടി നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.
പ്രദേശത്ത് ദിവസേന വിവിധ ഭാഗങ്ങളിൽ നിന്നായി കെട്ടിടാവശിഷ്ടങ്ങൾ കൊണ്ടുവന്ന് തള്ളുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി. കോൺക്രീറ്റ് കഷണങ്ങൾ, കല്ല്, ഇഷ്ടിക, ടൈൽ തുടങ്ങിയ മാലിന്യങ്ങൾ വലിയ തോതിൽ കുന്നുകൂടിയതോടെ പ്രദേശത്തിന്റെ ശുചിത്വവും പരിസ്ഥിതിയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണുള്ളതെന്നും പരാതിയിൽ പറയുന്നു.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന പ്രവണത അടിയന്തരമായി തടയണമെന്നും നിലവിൽ കുന്നുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനൊപ്പം സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണമെന്നും അബ്ദുൽ റഹീം പൂക്കത്ത്, പിപി സുബൈർ, നിയാസ് അഞ്ചപൂര എന്നിവർ നൽകി കോണ്ടാ ആവശ്യപ്പെട്ടു.
സ്ഥലത്തെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോ സഹിതമാണ് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയത്. വിഷയത്തിൽ നഗരസഭ അടിയന്തരമായി ഇടപെട്ട് സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.