മലപ്പുറം: സ്ത്രീകളെ പൊതുവേദികളിൽ നിന്ന് മാറ്റിനിർത്തണമെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശത്തെ ന്യായീകരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരം പറഞ്ഞത് പണ്ഡിതോചിതമായ അഭിപ്രായമാണെന്നും, സ്ത്രീകൾ വലിയ രീതിയിൽ വേട്ടയാടപ്പെടുന്ന ഇക്കാലത്ത് സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ചാകും അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേർന്നുനിൽക്കുക എന്നതാണ് ലീഗിന്റെ നിലപാട്. സമുദായ ഐക്യവും സാമൂഹിക ഐക്യവുമാണ് പാർട്ടിക്ക് പ്രധാനം. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചാണ് മുസ്‌ലിം ലീഗ് മുന്നോട്ടുപോകുന്നത്. ഈ വിഷയത്തിൽ മുസ്‌ലിം ലീഗിനോട് മാത്രം പ്രതികരണം ചോദിക്കാതെ മറ്റ് രാഷ്ട്രീയ പാർട്ടികളോടും അഭിപ്രായം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് മഹല്ലുകൾക്കും മദ്രസകൾക്കും കാന്തപുരം നൽകിയ കർശന നിർദ്ദേശം വലിയ വിവാദമായിരുന്നു. അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന പ്രസ്താവനക്കെതിരെ എസ്.എഫ്.ഐ, ഡിവൈ.എഫ്.ഐ ഉൾപ്പെടെയുള്ള ഇടതുസംഘടനകൾ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവന തികഞ്ഞ സ്ത്രീവിരുദ്ധതയാണെന്ന് വിമർശനം ഉയർന്നിട്ടും, സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്ന് വ്യക്തമാക്കി കാന്തപുരം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.