മലപ്പുറം: ഊരകം സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ വേദിയിൽ ദഫിന്റെ താളപ്പെരുക്കത്തിൽ കാണികളെ വിസ്മയിപ്പിച്ച് മലപ്പുറം മഅ്ദിൻ പബ്ലിക് സ്കൂൾ. മലപ്പുറം സെൻട്രൽ സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിലെ പൊതുവിഭാഗം ദഫ്മുട്ട് മത്സരത്തിലാണ് എതിരാളികളെ പിന്നിലാക്കി മഅ്ദിൻ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
പരമ്പരാഗത ശൈലിയുടെ തനിമ ചോരാതെയുള്ള ചുവടുകളും സവിശേഷമായ താളലയങ്ങളും ചിട്ടയൊത്ത ശരീരഭാഷയും വിധികർത്താക്കളുടെയും കാണികളുടെയും പ്രശംസ പിടിച്ചുപറ്റി.
പ്രശസ്ത പരിശീലകൻ നസീഫ് വേങ്ങരയും സംഘവുമാണ് ടീമിന് പരിശീലനം നൽകിയത്. ആഴ്ചകൾ നീണ്ട ചിട്ടയായ പരിശീലനവും കുട്ടികളുടെ അർപ്പണബോധവുമാണ് ടീമിനെ സുവർണ്ണ നേട്ടത്തിലേക്ക് നയിച്ചത്. ഈ മികച്ച വിജയം സ്കൂളിനും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ അഭിമാനമായി മാറി. സംസ്ഥാനതല സിബിഎസ്ഇ കലോത്സവത്തിലും ഇതേ മികവോടെ മാറ്റുരയ്ക്കാനുള്ള ഒരുക്കത്തിലാണ് മഅ്ദിന്റെ മിടുക്കന്മാർ.