വള്ളിക്കുന്ന്: പരപ്പനങ്ങാടി–കടലുണ്ടി റോഡിൽ ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപം റോഡ് സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയിരുന്ന മുറിച്ചിട്ട മരങ്ങൾ മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) നൽകിയ പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്തു.
മാസങ്ങളായി റോഡരികിൽ കൂട്ടിയിട്ടിരുന്ന മരങ്ങളും ശിഖരങ്ങളും വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സഞ്ചാരത്തിന് തടസ്സമാകുന്നതോടൊപ്പം എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് MAPS പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയത് സിറാജ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
MAPS ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹിം പൂക്കത്ത്, പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. പരാതിയിൽ അടിയന്തര നടപടി സ്വീകരിച്ച് മരങ്ങൾ നീക്കം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ MAPS മുഖ്യരക്ഷാധികാരി അഡ്വ. പി.എ. പൗരൻ നന്ദി അറിയിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടി മാതൃകാപരമാണെന്നും, ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം തടസ്സങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടൽ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോ :- റോഡിൽ കൂട്ടിയിട്ടിരുന്ന മരങ്ങൾ ട്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നു